ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ് ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിച്ചു. 64 ഡിഷ് റേഡിയോ ടെലിസ്കോപ്പാണ് വടക്കൻ മുനന്പിലെ കാർണർവോണിൽ സജ്ജമാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ഡെപ്യൂട്ടി പ്രസിഡന്റ് ഡേവിഡ് മബൂസ കഴിഞ്ഞ ദിവസം ഇത് ഉദ്ഘാടനം ചെയ്തു.
സ്ക്വയർ കിലോമീറ്റർ അരേ (എസ്കെഎ) എന്ന ഈ പദ്ധതിക്ക് മീർക്കാറ്റ് എന്ന ഓമനപ്പേരാണ് നല്കിയിരിക്കുന്നത്. ഭാഗികമായുള്ള പ്രവർത്തനങ്ങൾക്കായേ ടെലിസ്കോപ് സജ്ജമായിട്ടുള്ളൂ. പൂർണതോതിൽ പ്രവർത്തനമാരംഭിക്കാൻ 2030 വരെ കാത്തിരിക്കേണ്ടിവരും.
നിലവിൽ ലോകത്തുള്ള ടെലിസ്കോപ്പുകളേക്കാലും 50 മടങ്ങ് കരുത്തുറ്റതും 10,000 മടങ്ങ് വേഗമേറിയതുമാണ് ഈ ടെലിസ്കോപ് എന്ന് അധികൃതർ അവകാശപ്പെടുന്നുണ്ട്. ആകാശത്തെ മികച്ച രീതിയിൽ നിരീക്ഷിക്കാൻ ഈ ടെലിസ്കോപ് വിന്യാസത്തിനാകും. ക്ഷീരപഥത്തിന്റെ 30,000 പ്രകാശവർഷം അകലെയുള്ള കേന്ദ്രത്തിന്റെ ചിത്രങ്ങൾ വരെ പകർത്താൻ ഇതിനു കഴിയും.
ദക്ഷിണാഫ്രിക്കയിലാണ് ടെലിസ്കോപിന്റെ സ്ഥാനമെങ്കിലും അന്താരാഷ്ട്ര സഹകരണത്തോടെയാണ് നിർമാണം. ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ചൈന, ഇന്ത്യ, ഇറ്റലി, ന്യൂസിലൻഡ്, സ്വീഡൻ, നെതർലൻഡ്സ്, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവ നിർമാണത്തിനു പിന്നിലുണ്ട്.
പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങൾ, തമോഗർത്തങ്ങൾ എന്നിവ നിരീക്ഷിക്കാനും 1400 കോടി വർഷങ്ങൾക്കുമുന്പുള്ള പ്രപഞ്ചത്തിന്റെ ഉദ്ഭവം കണ്ടെത്താനുമാണ് മീർക്കാറ്റ് ഉപയോഗിക്കുക.
മീർക്കാറ്റിന്റെ പ്രവർത്തനങ്ങൾക്കായി സൂപ്പർകംപ്യൂട്ടറുകളാണ് ഉപയോഗിക്കുക. ഐബിഎം ആണ് ഇവ നല്കുക. മീർക്കാറ്റിന്റെ ആദ്യഘട്ടം പൂർത്തിയാകണമെങ്കിൽ ഇനി 133 ഡിഷുകൾ കൂടി സ്ഥാപിക്കണം. ഇതിനു രണ്ടു വർഷമെങ്കിലും വേണ്ടിവരും.