തിരുവനന്തപുരം: കിളിമാനൂരിൽ വീട് കുത്തി തുറന്ന് വൻ കവർച്ച. 37 പവൻ സ്വർണാഭാരണങ്ങളും 13500 രൂപയും 15000 രൂപയുടെ യുഎഇ ദിർഹവും മോഷ്ടാക്കൾ അപഹരിച്ചു. കിളിമാനൂർ കൊടുവഴന്നൂർ ചെറുകാരത്ത് നാസറിന്റെ ഷിബിൻ നിവാസിലാണ് മോഷണം നടന്നത്.
ഇന്നലെ വൈകുന്നേരം നാസർ വീട് പൂട്ടി കുടുംബ സമേതം ബന്ധു വീട്ടിൽ പോയിരുന്നു. രാത്രി പത്ത് മണിയോടെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്.
വീടിന്റെ പിറക് വശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും അപഹരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുടുംബ സമേതം വിദേശത്തായിരുന്ന നാസർ ഈ മാസം നാലാം തീയതിയാണ് നാട്ടിലെത്തിയത്.
നാസറിന്റെ പരാതിയെ തുടർന്ന് കിളിമാനൂർ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.