എരുമേലി: ഒരു കോടി പത്ത് ലക്ഷം രൂപയുടെ 50 ഇനങ്ങളിലുള്ള വിവിധ പ്രവൃത്തികൾക്കായി എരുമേലി പഞ്ചായത്ത് ക്ഷണിച്ച ടെൻഡറുകൾ തുറന്നത് കൈക്കൂലി വിവാദത്തിൽ. ടെൻഡർ തയാറാക്കുന്ന ജോലികൾ നടത്തിയതിന് കരാറുകാരുടെ സംഘടനാ പ്രതിനിധി കൈക്കൂലി നൽകിയെന്നും എന്നാൽ ജീവനക്കാരി അത് വാങ്ങിയില്ലെന്നുമാണ് വിവാദത്തിന്റെ ഉള്ളടക്കം. ടെൻഡർ തുറന്ന് കരാറുറപ്പിക്കൽ കഴിഞ്ഞ ദിവസമായിരുന്നു.
ടെൻഡറുകളായതിന്റെ ടാബുലേഷൻ ഫോറം കിട്ടാൻ വേണ്ടി പാരിതോഷികം നൽകുന്ന പതിവ് എല്ലായിടത്തും ഉണ്ടെന്ന് പറയുന്നു. ഇതിന് കരാറുകാർ തങ്ങളുടെ വിഹിതം ശേഖരിച്ച് ഒരുമിച്ചാണത്രെ നൽകുന്നത്.
ടെൻഡറുകളുടെ മൊത്തം തുകയുടെ ഒരു ശതമാനം പാരിതോഷികമായി നൽകണമെന്നാണ് രഹസ്യമായ കീഴ്വഴക്കമെന്ന് പറയുന്നു. എന്നാൽ, ഒരു ശതമാനത്തിന്റെ നാലിലൊന്ന് പോലുമില്ലാത്ത തുകയാണ് പ്രതിഫലമെന്ന ഓമനപ്പേരിൽ കൊടുത്തത്.
അതേസമയം ജീവനക്കാരി പറയുന്നത് മറിച്ചാണ്. പാരിതോഷികമായി മൂവായിരം രൂപ കരാറുകാരുടെ പ്രതിനിധി തന്നത് കൈക്കൂലി ആയതിനാൽ വാങ്ങിയില്ലെന്നും മേലുദ്യോഗസ്ഥർ അനുമതി നൽകാഞ്ഞതിനാൽ ഫോറം കൊടുത്തില്ലെന്നും ജീവനക്കാരി പറയുന്നു.
എന്നാൽ, ഇത് കുറഞ്ഞ തുക ആയതിനാലാണ് ജീവനക്കാരി നിരസിച്ചതെന്ന് കരാറുകാരുടെ സംഘടനാ പ്രതിനിധി പറയുന്നു. സംഭവം വിവാദമായത് നവമാധ്യമമായ ഫേസ്ബുക്കിൽ വന്നതോടെയാണ്. ജീവനക്കാരി ടെൻഡറുകളുടെ ഒരു ശതമാനം തുക കോഴയായി ആവശ്യപ്പെട്ടെന്നായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റുകൾ നിറഞ്ഞത്.
ഇതിനെതിരെ ജീവനക്കാരിക്കുവേണ്ടി ഭർത്താവ് ഫേസ്ബുക്കിൽ പ്രതികരിച്ചതോടെ വിവാദം മുറുകുകയായിരുന്നു. ടെൻഡർ തുറന്ന് കരാർ ഉറപ്പിക്കലിൽ ജീവനക്കാരിയും കരാറുകാരുടെ പ്രതിനിധികളും തമ്മിൽ ഇടയുകയും ചെയ്തു.
ഇനി പണികൾ നടത്തുമ്പോൾ അളവെടുക്കൽ കൃത്യമായി നടത്തുമെന്നാണ് എൻജിനിയറിംഗ് വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതോടെ കരാറുകാരിൽ ഭിന്നിപ്പ് പ്രകടമായിരിക്കുകയാണ്. പുറത്തുനിന്ന് കരാറുകാർക്ക് പണികൾ കൊടുക്കാതിരിക്കാൻ എരുമേലിയിൽ കരാറുകാരുടെ കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്നും ഇവരെ അനുകൂലിക്കാത്ത ജീവനക്കാരെ അപകീർത്തിപ്പെടുത്തുകയാണെന്നും ജീവനക്കാരി പറയുന്നു.
എന്നാൽ, ഇത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് കരാറുകാരും പറയുന്നു. സംഭവത്തിൽ തത്കാലം ഇടപെടേണ്ടതില്ലെന്നാണ് ഭരണസമിതിയുടെ നിലപാട്.