ഇരിങ്ങാലക്കുട: പടിയൂരിലെ മൂന്നു വയസുകാരൻ അസ്നാൻ ഒറ്റയ്ക്കല്ല, രോഗത്തോടു പൊരുതി ജയിക്കാൻ ഒരു നാട് മുഴുവൻ ഒപ്പമുണ്ട്. അർബുദരോഗ ബാധിതനായ മൂന്നു വയസുകാരന്റെ ജീവനായി ഒരു ഗ്രാമം മുഴുവൻ കൈകോർക്കുകയാണ്.
പടിയൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ നിലംപതിക്കടുത്ത് താമസിക്കുന്ന ഉൗളക്കൽ അക്ബർ-ഷാഹിന ദന്പതികളുടെ മകനായ അസ്നാനാണ് അർബുദരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
ഒരു വയസിൽ പിടിപ്പെട്ടതാണ് രക്താർബുദം. രണ്ടു വർഷത്തെ ചികിത്സയ്ക്ക് നാട്ടുകാരും അഭ്യുദയകാംക്ഷികളും ഒപ്പമുണ്ടായിരുന്നു. ഇനിയുമവർ കൂടെയുണ്ടാകുമെന്ന് തെളിയിക്കുകയാണിവിടെ. നാട്ടുകാരും സ്നേഹനിധികളും സഹായത്തിനെത്തിയതോടെ അസ്നാന്റെ വീട്ടുകാർക്കും ആത്മധൈര്യമായി.
രോഗം മൂർച്ഛിച്ചാൽ രക്തമൂലകോശം മാറ്റിവെക്കുക മാത്രമാണു ഏക പോംവഴിയെന്ന് ഡോക്ടർമാർ അറിയിച്ചതോടെ നാട്ടുകാർ സഹായത്തിനുമെത്തി. പ്ലേറ്റ്ലെറ്റ് കുത്തിവെക്കുകയാണിപ്പോൾ. രക്തമൂലകോശം കണ്ടെത്തുകയെന്നതുതന്നെ ചെലവേറിയതാണ്. ഇതിനായി സഹായിക്കാൻ ഒരു സ്ഥാപനവും സന്നദ്ധമായതോടെ രക്തമൂലകോശം കണ്ടെത്തുന്നതിനു ദാതാക്കളുടെ ക്യാന്പുകൾ ഉൗർജിതമായി നടക്കുകയാണ്.
നിരവധി ക്യാന്പുകൾ നടത്തി ആയിരക്കണക്കിനു പേരുടെ രക്തം വൻ തുക ചെലവാക്കി പരിശോധിച്ചെങ്കിലും യോജിക്കുന്ന മൂലകോശം കണ്ടെത്താനായില്ല. അസ്നാന്റെ കുടുംബത്തിന്റെ അവസാന പ്രതീക്ഷയാണു 26, 27, 29 തീയതികളിൽ സംഘടിപ്പിക്കുന്ന രക്തമൂല കോശദാന രജിസ്ട്രേഷൻ ക്യാന്പ്.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജ്, തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജ്, ജനമൈത്രി പോലീസ്, വിവിധ റസിഡൻസ് അസോസിയേഷനുകൾ അടക്കം നിരവധി സംഘടനകളാണു ഈ പരിശ്രമത്തിനു പിന്നിൽ അണിനിരക്കുന്നത്.
കഴിഞ്ഞവർഷം അസ്നാനുവേണ്ടി രജിസ്ട്രേഷൻ ക്യാന്പ് നടത്തിയിരുന്നുവെങ്കിലും നിർഭാഗ്യവശാൽ ജനിതക സാമ്യമുള്ള ഒരു ദാതാവിനെയും ലഭിച്ചിരുന്നില്ല. അതിനാൽതന്നെ ഇപ്രാവശ്യം പരമാവധി ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് സാധ്യത വർധിപ്പിക്കാനുള്ള ശ്രമത്തിലാണു സംഘാടകർ.
26 ന് ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ സെന്റ് ജോസഫ്സ് കോളജിലും 27 ന് ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ ക്രൈസ്റ്റ് കോളജിലും 27 ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് നാലുവരെ തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജിലും 29 ന് ഇരിങ്ങാലക്കുട ജനമൈത്രി പോലീസും വിവിധ റസിഡൻസ് അസോസിയേഷൻസും ക്ലബുകളുമായി സഹകരിച്ച് പൊതുജനങ്ങൾക്കായി ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചുവരെ കാട്ടുങ്ങചിറ പിടിആർ മഹൽ ഹാളിലും ക്യാന്പുകൾ നടത്തും.
18 നും 50 നും ഇടയിൽ പ്രായമുള്ളവരാണ് ക്യാന്പിൽ പങ്കെടുക്കേണ്ടത്. മുന്പ് മൂല കോശദാന ക്യാന്പിൽ പങ്കെടുത്തിട്ടുള്ളവർ വീണ്ടും ചെയ്യേണ്ട ആവശ്യമില്ല. പതിനായിരത്തിൽ ഒന്നോ ലക്ഷത്തിൽ ഒന്നോ കോശം മാത്രമാണ് രോഗിയുടെ കോശവുമായി സാമ്യം ഉണ്ടാകുവാൻ സാധ്യത. രോഗിയുടെ കോശങ്ങളുമായി ഒത്തുചേർന്നാൽ ദാതാവിന്റെ പൂർണ സമ്മതത്തോടെ രക്തദാനം വഴി വളരെ ലളിതമായി മൂലകോശം ദാനം ചെയ്യാവുന്നതാണ്.