ഒന്നിനുപുറകേ ഒന്നെന്ന രീതിയില്‍ കൈനിറയെ സിനിമകളുള്ള പൃഥിരാജ് എന്തുകൊണ്ട് സംവിധാനം ചെയ്യാനൊരുങ്ങുന്നു! പൃഥിരാജ് ആരാധകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായി സാക്ഷാല്‍ മോഹന്‍ലാല്‍

സൂപ്പര്‍ സ്റ്റാര്‍ പദവിയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയും ഒന്നിനു പുറകേ ഒന്നെന്ന രീതിയില്‍ സിനിമകള്‍ ലഭിക്കുകയും ചെയ്യുന്ന നടന്‍ പൃഥിരാജ് എന്തിനാണിപ്പോള്‍ സിനിമാ സംവിധാനവുമായി മുന്നോട്ട് വന്നിരിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരുള്‍പ്പെടെ പലരും ചോദിച്ചുകൊണ്ടിരിക്കുന്നത്. അതിനുള്ള ഉത്തരം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതാവട്ടേ നടന്‍ മോഹന്‍ലാലും.

സിനിമ അത് അയാളുടെ ഒരു പാഷനാണ് എന്നാണ് മോഹന്‍ലാല്‍ നല്‍കുന്ന ഉത്തരം. ഏറെ തിരക്കുള്ള ഒരു നടന്‍ അതെല്ലാം മാറ്റിവെച്ച് സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങുന്നത് ലോകത്തില്‍ തന്നെ അപൂര്‍വമായിരിക്കുമെന്നും മോഹന്‍ലാല്‍ വിസ്മയ ശലഭങ്ങള്‍ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച തന്റെ ബ്ലോഗില്‍ കുറിച്ചു. മോഹന്‍ലാലിന്റെ ബ്ലോഗ് ഏട്ടന്‍ എന്ന ഹാഷ്ടാഗോടെ പൃഥ്വി തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനെക്കുറിച്ചാണ് മോഹന്‍ലാലിന്റെ ബ്ലോഗ്.

സംവിധായകന്‍ ഫാസില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുരളി ഗോപിയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇന്ദ്രജിത്തും അഭിനയിക്കുന്നുണ്ട്. തനിക്കൊപ്പം നിന്ന ഒരു തലമുറയിലെ ആളുകളുടെ മക്കളും തന്നെ സിനിമയിലേക്ക് കൈപിടിച്ച് നടത്തിയ പാച്ചിക്കയുമായി ഒരു സിനിമയ്ക്കായി ഒന്നിക്കുമ്പോള്‍ അതൊരു അപൂര്‍വ സംഗമമായി എന്നാണ് മോഹന്‍ലാല്‍ കരുതുന്നത്.

‘പുതിയ സിനിമയായ ‘ലൂസിഫറി’ല്‍ പൃഥ്വിരാജ് സുകുമാരന്റെ കാമറയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുന്നില്‍ അനുസരണയോടെ നിന്നപ്പോള്‍ എന്റെ മനസില്‍ തോന്നിയ കാര്യങ്ങളാണിവ. കാലം എത്ര വേഗത്തിലാണ് പാഞ്ഞു പോകുന്നത്! ഈ യുവാവിന്റെ അച്ഛന്റെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ടല്ലോ. എന്റെ ആദ്യത്തെ ഷോട്ടില്‍ എന്റെ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ പാച്ചിക്കാ എന്ന് വിളിക്കുന്ന പ്രിയപ്പെട്ട സംവിധായകന്‍ ഫാസിലാണ്.

38 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെ സിനിമയിലേക്ക് കൈപിടിച്ച് നടത്തിയ ആള്‍. 34 വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്കൊപ്പം ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയില്‍ പാച്ചിക്ക അഭിനയിച്ചിരുന്നു. അതിന് ശേഷം ഇപ്പോള്‍ ഒരു കഥാപാത്രമായി മുഖാമുഖം! ഈ സിനിമ എഴുതിയത് എന്റെ പ്രിയപ്പെട്ട ഭരത് ഗോപിച്ചേട്ടന്റെ മകന്‍ മുരളി ഗോപി. മറ്റൊരു നടന്‍ പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്ത്. അപൂര്‍വ്വമായ ഒരു സംഗമം. ഇത് പൂര്‍വ്വ കല്പിതമാണ് എന്ന് വിശ്വസിച്ച് വിസ്മയിക്കാനാണ് എനിക്കിഷ്ം,” മോഹന്‍ലാല്‍ കുറിച്ചു.

Related posts