വഡോദര: പതിനഞ്ചാമത് ദേശീയ യൂത്ത് അത്ലറ്റിക് ചാന്പ്യൻഷിപ്പിന്റെ രണ്ടാംദിനം കേരളത്തിന് ഹാട്രിക് സ്വർണം. പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസ്, ലോംഗ്ജംപ്, ആണ്‍കുട്ടികളുടെ 400 മീറ്റർ ഇനങ്ങളിലാണ് കേരളം ഇന്നലെ സ്വർണം നേടിയത്. രണ്ട് വെള്ളിയും ഒരു വെങ്കലവും ഇന്നലെ മലയാളി താരങ്ങൾ സ്വന്തമാക്കി. ഇതോടെ പോയിന്റ് പട്ടികയിൽ കേരളം (70 പോയിന്റ്) മൂന്നാം സ്ഥാനത്ത് എത്തി. രണ്ട് സ്വർണവും രണ്ട് വെള്ളിയും പെണ്‍കുട്ടികളാണ് കേരളത്തിനു സമ്മാനിച്ചത്. ഇതോടെ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ 51 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു.
അപർണ, സാന്ദ്ര, അഭിഷേക്
പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ദേശീയ റിക്കാർഡിനുടമയായ അപർണ റോയ് 14.08 സെക്കൻഡുമായാണ് ഇന്നലെ സ്വർണമണിഞ്ഞത്. തന്റെ ദേശീയ റിക്കാർഡ് സമയമായ 13.98ൽ എത്താൻ അപർണയ്ക്കായില്ല. തമിഴ്നാടിന്റെ തബിതയ്ക്കാണ് (14.10 സെക്കൻഡ്) വെള്ളി. ഈ ഇനത്തിൽ മത്സരിച്ച കേരളത്തിന്റെ അന്ന റോസ് ടോമിക്ക് (14.62 സെക്കൻഡ്) നാലാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ.
പെണ്‍കുട്ടികളുടെ ലോംഗ് ജംപിലൂടെയാണ് കേരള അക്കൗണ്ടിൽ രണ്ടാം സ്വർണം ഇന്നലെ എത്തിയത്. 5.62 മീറ്റർ ദൂരം കണ്ടെത്തി സാന്ദ്ര ബാബു സ്വർണത്തിൽ മുത്തമിട്ടു. 2012ൽ നയന ജയിംസ് കുറിച്ച 5.94 മീറ്റർ ആണ് ഈ ഇനത്തിലെ മീറ്റ് റിക്കാർഡ്. കഴിഞ്ഞ വർഷം പാലായിൽനടന്ന സംസ്ഥാന സ്കൂൾ മീറ്റിൽ 6.07 മീറ്റർ താണ്ടിയിരുന്നു സാന്ദ്ര ബാബു.
ആണ്‍കുട്ടികളുടെ 400 മീറ്റർ പോരാട്ടത്തിൽ അഭിഷേക് മാത്യു സ്വർണമണിഞ്ഞു. 48.81 സെക്കൻഡിലാണ് അഭിഷേക് 400 മീറ്റർ പൂർത്തിയാക്കിയത്. ഉത്തർപ്രദേശിന്റെ ശിവാംഗ് മിശ്ര (49.74 സെക്കൻഡ്) വെള്ളിയും ബംഗാളിന്റെ പലാഷ് ഹൽഡർ (50.27 സെക്കൻഡ്) വെങ്കലവും നേടി.
കെസിയ, എ.എസ്. സാന്ദ്ര,
സൂര്യജിത്ത്
പെണ്‍കുട്ടികളുടെ ഹാമർത്രോയിൽ 46.05 മീറ്ററുമായി കെസിയ മറിയം ബെന്നി വെള്ളി കരസ്ഥമാക്കി. 50.57 മീറ്റർ ഹാമർ പായിച്ച ഉത്തർപ്രദേശിന്റെ കഷിഷ് സിംഗിനാണ് സ്വർണം. പെണ്‍കുട്ടികളുടെ 400 മീറ്ററിൽ എ.എസ്. സാന്ദ്രയും ഇന്നലെ വെള്ളി നേടി. 56.26 സെക്കൻഡിലായിരുന്നു മലയാളി താരത്തിന്റെ വെള്ളി നേട്ടം. ആണ്‍കുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ ആർ.കെ. സൂര്യജിത്തിലൂടെയാണ് ഇന്നലത്തെ ഏക വെങ്കലം കേരളം കരസ്ഥമാക്കിയത്. 14.49 സെക്കൻഡിലായിരുന്നു സൂര്യജിത്ത് ഫിനിഷിംഗ് ലൈൻ തൊട്ടത്.
രണ്ട് ഫൈനൽ, തളർന്ന് താരങ്ങൾ
ഒരു ദിവസം രണ്ട് ഫൈനൽ പോരാട്ടത്തിന് ഇറങ്ങേണ്ട ഗതികേടാണ് ഇന്നലെ മലയാളി താരങ്ങളെ കാത്തിരുന്നത്. കേരളത്തിനായി 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ അപർണ റോയ്ക്ക് മണിക്കൂറുകളുടെ വ്യത്യാസത്തിൽ 100 മീറ്ററിനും ട്രാക്കിലിറങ്ങേണ്ടിവന്നു. തലേദിവസത്തെ ഹീറ്റ്സുകൾക്കൊടുവിലാണ് 100 മീറ്റർ ഫൈനൽ നടന്നത്. എങ്കിലും 12.62 സെക്കൻഡുമായി 100 മീറ്ററിൽ അപർണ അഞ്ചാമത് ഫിനിഷ് ചെയ്തു.
ഹാമർത്രോയിൽ വെള്ളി നേടിയ കെസിയ മറിയം ബെന്നിയുടെ കാര്യത്തിലും വ്യത്യാസമുണ്ടായില്ല. മണിക്കൂറുകളുടെ വ്യത്യാസത്തിൽ കെസിയയ്ക്ക് ഹാമറിലും ഷോട്ട്പുട്ടിലും മത്സരിക്കേണ്ടിവന്നു. ഷോട്ട്പുട്ടിൽ 11.81 മീറ്ററോടെ അഞ്ചാമത് എത്താനേ കെസിയയ്ക്കു സാധിച്ചുള്ളൂ.
പോയിന്റ് പട്ടിക
1. ഹരിയാന 113
2. ഉത്തർപ്രദേശ് 92
3. കേരളം 70
4. ഡൽഹി 41
5. മഹാരാഷ്ട്ര 37