കൊച്ചി: രാജ്യത്തെ ആദ്യ പ്രീസീസണ് ഫുട്ബോൾ ടൂർണമെന്റായ ടൊയോട്ട യാരിസ് ലാലിഗ വേൾഡിന് നാളെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തുടക്കമാകും. രാത്രി ഏഴിനാണ് കിക്കോഫ്. ഓസ്ട്രേലിയൻ ലീഗ് ടീമായ മെൽബണ്‍ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സ്പാനിഷ് ലീഗിലെ ജിറോണ എഫ്സിയാണു ടൂർണമെന്റിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം.
കൊച്ചിയിലെത്തിയ മെൽബണ്‍ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തീവ്രപരിശീലനത്തിലാണ്. അഹമ്മദാബാദിലെ പരിശീലനത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെയാണു കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെത്തിയത്. മെൽബണ്‍ സിറ്റി വ്യാഴാഴ്ച ഉച്ചയോടെതന്നെ എത്തിയിരുന്നു. ഇരു ടീമുകളും ഇന്നലെ പനന്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങി. ഉച്ചയോടെ പരിശീലനത്തിനെത്തിയ ബ്ലാസ്റ്റേഴ്സ് കളിക്കാർ കോച്ച് ഡേവിഡ് ജയിംസിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം മൈതാനത്ത് ചെലവിട്ടു.
മെൽബണ്‍ സിറ്റി എഫ്സി ടീം രാവിലെയാണു പരിശീലനത്തിനായി സമയം കണ്ടെത്തിയത്. ഇന്നും ടീമുകൾ പരിശീലനം നടത്തുമെന്നാണു ടീം അധികൃതർ നൽകുന്ന സൂചന. മഴ മാറിനിന്നതോടെ പരിശീലനം സുഗമമായി നടത്താനായതു ടീമുകൾക്ക് ആത്മവിശ്വാസമേകിയിട്ടുണ്ട്.
നാളത്തെ മൽസരത്തിനുശേഷം 27, 28 തീയതികളിലും കൊച്ചിയിൽ മത്സരങ്ങളുണ്ടാകും. 27നു ജിറോണ എഫ്സിയും മെൽബണ്‍ സിറ്റി എഫ്സിയും തമ്മിലും 28നു കേരള ബ്ലാസ്റ്റേഴ്സും ജിറോണയും തമ്മിലുമാണു മത്സരം. കൂടുതൽ പോയിന്റ് നേടുന്ന ടീം ജേതാക്കളാവും. മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ഓണ്‍ലൈനിൽ പുരോഗമിക്കുകയാണ്.
ഇന്നു മുതൽ നേരിട്ടും ടിക്കറ്റുകൾ ലഭ്യമാകും. ദി കുക്കറി റസ്റ്ററന്റ്-പാടിവട്ടം, ചായ്കോഫി-കലൂർ, ബർഗർ ജംഗ്ഷൻ-പനന്പിള്ളിനഗർ, ഇടപ്പള്ളി ലുലുമാൾ എന്നിവിടങ്ങളിലും മൈ ജിയുടെ പാലാരിവട്ടം, ഇടപ്പള്ളി, ആലുവ, പെന്റാ മേനക, ഹൈലൈറ്റ് മാൾ കോഴിക്കോട്, പെരിന്തൽമണ്ണ, മലപ്പുറം ഷോപ്പുകളിലും, നിപ്പോണ്‍ ടൊയോട്ടയുടെ നെട്ടൂർ, കളമേശേരി, ഇയാൻചാക്കൽ (തിരുവനന്തപുരം), തൃശൂർ ഷോറൂമുകളിലും ടിക്കറ്റുകൾ നേരിട്ട് ലഭ്യമാണ്. ഉച്ചയ്ക്ക് ഒന്ന് മുതൽ രാത്രി 11 വരെയാണു ടിക്കറ്റ് വില്പന.