വിപണി വിശേഷം / കെ.ബി. ഉദയഭാനു
ഇറക്കുമതി ലോബിയുടെ ശക്തമായ നീക്കങ്ങൾക്ക് മുന്നിൽ ദക്ഷിണേന്ത്യൻ കുരുമുളകു കർഷകർക്ക് പിടിച്ചുനിൽക്കാനാവുമോ? സുഗന്ധറാണി ഹൈറേഞ്ചിനെ ആവേശം കൊള്ളിച്ചു. കയറ്റുമതിക്കാരും വ്യവസായികളും രംഗത്തിറങ്ങിയതോടെ ജാതിക്കവിപണി ചൂടുപിടിച്ചു. ആഭ്യന്തര-വിദേശ വിപണികളിൽ റബർ ഒപ്പത്തിനൊപ്പം, വ്യവസായികൾ താത്കാലികമായി ഇറക്കുമതി ചുരുക്കും. മഞ്ഞലോഹത്തിലേക്കു നിക്ഷേപകർ വീണ്ടും കണ്ണെറിയുന്നു.
കുരുമുളക്
കുരുമുളകിന്റെ തിരിച്ചുവരവ് കാർഷികമേഖലയിൽ ആവേശമുളവാക്കി. ഏതാണ്ട് എട്ടാഴ്ച്ചയോളം വിലത്തകർച്ചയുടെ പിടിയിൽ അകപ്പെട്ട ഉത്പന്നം പിന്നിട്ടവാരം ക്വിന്റലിന് 900 രൂപ ഉയർന്നു. വില കുറഞ്ഞ വിദേശ കുരുമുളകിന്റെ ഇറക്കുമതി നിയന്ത്രിക്കുമെന്ന പ്രസ്താവനകൾക്കിടെ വിദേശ ചരക്കുവരവ് തടയാനാവില്ലെന്ന പുതിയ വിവരം കഴിഞ്ഞ ദിവസങ്ങളിൽ വിപണിയെ കാര്യമായി സ്വാധീനിച്ചു. കിലോ 500 രൂപയിൽ കൂടിയ മുളകു മാത്രമേ ഇറക്കുമതി നടത്താനാകൂവെന്നാണ് വ്യവസ്ഥ.
താഴ്ന്ന വിലയ്ക്കുള്ള ചരക്ക് എത്തുന്നുണ്ടെങ്കിൽ അത് തടയുമെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ മുളകുവില ഉയർത്തി. അതേസമയം, ഇറക്കുമതി നിയമപരമായി തടയാനാവില്ലെന്ന വാദവുമായി വ്യവസായികളും രംഗത്തുണ്ട്. ഇരു കൂട്ടരും തമ്മിലുള്ള വടംവലി കണക്കിലെടുത്താൽ വരും ദിനങ്ങളിൽ കുരുമുളകുവിലയിൽ വൻ ചാഞ്ചാട്ടത്തിനിടയുണ്ട്.
വ്യാപാരികൾ കൂടിയ വിലയ്ക്ക് ചരക്ക് സംഭരിച്ചതോടെ അണ് ഗാർബിൾഡ് കുരുമുളക് 32,000 രൂപയിൽനിന്ന് 32,900ലേക്കു കയറി. ഉത്പാദകമേഖലകളിലെ ആവേശം കണക്കിലെടുത്താൽ നിരക്ക് വീണ്ടും ഉയരാം. അതേസമയം, വിദേശ കുരുമുളകിന്റെ ഇറക്കുമതി തടയാനാവില്ലെന്ന സൂചനകൾ വ്യവസായികളെ പുതിയ ഇറക്കുമതികൾക്കു പ്രേരിപ്പിക്കാം.
രാജ്യത്തെ പല വൻകിട ഇറക്കുമതിക്കാരും വിപണിസാധ്യത നേട്ടമാക്കാൻ ശ്രമം തുടങ്ങിതോടെ കുരുമുളകിന് ടണ്ണിന് 2500 ഡോളറിൽനിന്ന് 2800 ഡോളറാക്കി വിയറ്റ്നാം ഉയർത്തി. ശ്രീലങ്കൻ വില 3800 ഡോളറാണ്. രൂപയുടെ ചാഞ്ചാട്ടം ശക്തമായതോടെ ടണ്ണിന് 5100 ഡോളർ വരെ താഴ്ന്ന ശേഷം 5200 ഡോളറിലാണ്.
ഏലം
ആഭ്യന്തര-വിദേശ ഡിമാൻഡിൽ ഏലക്ക ഈ വർഷത്തെ ഏറ്റവും ഉയർന്ന വില ദർശിച്ചു. ഉത്പാദനം കുറയമെന്ന ആശങ്കയിൽ ലേലത്തിനെത്തുന്ന ചരക്ക് ഇടപാടുകാർ മത്സരിച്ചുവാങ്ങി. ഒരു കിലോ ഏലക്ക 1613 രൂപ വരെ ഉയർന്നു. ലേലത്തിനെത്തിയ ചരക്ക് പല ദിവസങ്ങളിലും പൂർണമായി വിറ്റഴിഞ്ഞത് കണക്കിലെടുത്താൽ വില വീണ്ടും ഉയരാം. വാരാന്ത്യം മികച്ചയിനങ്ങൾ കിലോഗ്രാമിന് 1392 രൂപയിലാണ്. കനത്ത മഴ തോട്ടം മേഖലയിൽ വൻ നാശനഷ്ടങ്ങൾ വരുത്തിയത് കണക്കിലെടുത്താൽ ഉത്പാദനം നേരത്തെ കണക്കുകൂട്ടിയതിനേക്കാൾ കുറയാം. അറബ് രാജ്യങ്ങളിൽനിന്ന് പുതിയ അന്വേഷണങ്ങൾ പ്രതീക്ഷിക്കാം.
ചുക്ക്
നൈജീരിയൻ ചുക്ക് ഉത്തരേന്ത്യയിൽ എത്തിയത് നാടൻ ചരക്കിന് ഡിമാൻഡ് കുറച്ചു. കാലവർഷം സജീവമായതോടെ ഉത്തരേന്ത്യയിൽ ചുക്കിന് ആവശ്യം വർധിച്ചു. നൈജീരിയൻ ചുക്ക് 90-110 രൂപയ്ക്കു വരെ ലഭ്യമാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളുമായി നേരത്തെ ഉറപ്പിച്ച കച്ചവടങ്ങൾ മുൻനിർത്തി കയറ്റുമതിക്കാർ ചരക്ക് സംഭരിച്ചു. കൊച്ചിയിൽ വിവിധയിനം ചുക്ക് 14,000-15,000 രൂപയിലാണ്.
ജാതിക്ക
ജാതിക്കവില വർധിച്ചു. ജാതിക്കയുടെ ലഭ്യത ചുരുങ്ങിയതോടെ വാങ്ങലുകാർ ഉത്പന്നം സംഭരിക്കാൻ തിടുക്കം കാണിച്ചു. കയറ്റുമതി ലോബി മികച്ചയിനം ജാതിക്കയുടെ വില വർധിപ്പിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം കാര്യമായി ചരക്ക് സംഭരിക്കാനായില്ല.
വിദേശ രാജ്യങ്ങളിൽനിന്ന് ജാതിക്ക, ജാതിപത്രി എന്നിവയ്ക്ക് അന്വേഷണങ്ങളുണ്ട്. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ കിലോ 160-190 രൂപയിലും തൊണ്ടില്ലാത്തത് 330-350 രൂപയിലും ജാതിപത്രി 425-600 രൂപയിലുമാണ്.
റബർ
ആഭ്യന്തര-അന്താരാഷ്ട്ര മാർക്കറ്റുകളിൽ റബർവില ഒപ്പത്തിനൊപ്പം നീങ്ങിയതോടെ വ്യവസായികൾ ഇറക്കുമതി കുറച്ച് സംസ്ഥാനത്തുനിന്ന് ഷീറ്റ് ശേഖരിച്ചു. കപ്പൽ കൂലിയും മറ്റു ചെലവുകളും കണക്കിലെടുത്താൽ ഇറക്കുമതി നഷ്ടക്കച്ചവടമാണ്. മുഖ്യവിപണികളിൽ ടയർ കന്പനികൾ സജീവമാണ്. 12,750 രൂപയിൽനിന്ന് നാലാം ഗ്രേഡ് റബർ 13,100 രൂപയായി.
അഞ്ചാം ഗ്രേഡ് 300 രൂപ ഉയർന്ന് 12,900 രൂപയിലെത്തി. ടാപ്പിംഗ് സ്തംഭിച്ചതിനാൽ ലാറ്റക്സ് ക്ഷാമം രൂക്ഷമാണ്. ലാറ്റക്സ് 8000ൽനിന്ന് 8500 രൂപയായി. മാർക്കറ്റിലെ ഉണർവ് കണക്കിലെടുത്താൽ വൈകാതെ ടാപ്പിംഗ് പുനരാരംഭിക്കും. കാലാവസ്ഥ തെളിഞ്ഞാൽ കർക്കടകം രണ്ടാം പകുതിയിൽ പുതിയ ഷീറ്റ് പ്രതീക്ഷിക്കാം.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വില കയറി. നാളികേര വിളവെടുപ്പിനു മഴ തടസമായതോടെ ഉത്പാദകർ കൊപ്രനീക്കം കുറച്ചത് മില്ലുകാരെ പ്രതിസന്ധിലാക്കി. കൊപ്രക്ഷാമം മില്ലുകളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ അവർ വില ഉയർത്തി കൊപ്രയെടുത്തു. ഇതോടെ കൊച്ചിയിൽ വെളിച്ചെണ്ണ 16,600 രൂപയിൽനിന്ന് 16,800 രൂപയായി. കൊപ്ര 11,065 രൂപയിൽനിന്ന് 11,190 രൂപയായി.
സ്വർണം
സ്വർണവിലയിൽ ചാഞ്ചാട്ടം. ആഭരണവിപണികളിൽ 22,400 രൂപയിൽ വില്പനയാരംഭിച്ച പവൻ 22,200 രൂപ വരെ താഴ്ന്ന ശേഷം ശനിയാഴ്ച 160 രൂപയുടെ മികവിൽ 22,360 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണം 1241 ഡോളറിൽനിന്ന് 1211 ഡോളർ വരെ താഴ്ന്നു.