സ്വകാര്യ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയതിനു യൂണിഫോമില്‍ എത്തിയ വനിതാ പോലീസ് ബസ് ഡ്രൈവറുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു വലിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി.
കോട്ടയം -എറണാകുളം റൂട്ടിലോടുന്ന ആവേ മരിയ ബസിന്റെ ഡ്രൈവര്‍ സോണി (23) യെ ആണ് കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് തലയോലപ്പറന്പ് സ്വദേശിനി ബബി മോഹന്‍ മര്‍ദിച്ചതായി പറയുന്നത്.
ഞായറാഴ്ച രാവിലെ 6.30നു എറണാകുളത്തിനു ഡ്യൂട്ടിക്ക് പോകാനായി വനിതാ പോലീസ് തലയോലപ്പറന്പ് പള്ളിക്കവല സ്റ്റോപ്പില്‍ നിന്നപ്പോള്‍ വന്ന ആവേമരിയ ബസ് വനിതാ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെന്ന് പറയുന്നു.
പിന്നീട് സ്റ്റാന്‍ഡില്‍ പോയി പള്ളിക്കവലയിലേയ്ക്ക് തിരികെവന്ന ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ വനിതാ പോലീസ് കയറി. ബസ് കൈ കാണിച്ചിട്ട് നിര്‍ത്താത്തതിനെ ചൊല്ലി തര്‍ക്കിക്കുകയും ഇതിനിടയില്‍ വനിതാ പോലീസ് ഡ്രൈവറുടെ കോളറിനു പിടിച്ചു വലിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
ബസിലെ തര്‍ക്കവും കലഹവും ചിലര്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി. അതേസമയം ബസ് ഡ്രൈവര്‍ തന്നെ അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് വനിതാ പോലീസിന്റെ ആരോപണം.