എം.ജെ ശ്രീജിത്ത്
കോണ്‍ഗ്രസ് യുവ എംഎല്‍എയ്ക്കെതിരെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കച്ചവടം നടത്തിയെന്ന ഗുരുതര ആരോപണം. മൂന്നു നിയമസഭാ സീറ്റുകള്‍ നല്‍കുന്നതിന് രണ്ടു കോടി രൂപ വീതം വാങ്ങിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സീറ്റ് ലഭിച്ച മൂന്നു പേരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പണം നല്‍കിയെന്ന തെളിവു സഹിതം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തു വന്നത്. കര്‍ണാടക പിസിസി ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയും ക്രമക്കേട് നടന്നിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് എ.ഐ.സി.സിക്ക് നല്‍കുകയും ചെയ്തു.
ഈ റിപ്പോര്‍ട്ടിന്റെ കോപ്പി യൂത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കൈമാറി. യൂത്തു കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായതിനാലാണ് റിപ്പോര്‍ട്ട് യൂത്തു കോണ്‍ഗ്രസ് നേതൃത്വത്തിനും കൈമാറിയത്. യൂത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ആരോപണത്തെക്കുറിച്ച് എഐസിസി അന്വേഷിക്കണമെന്ന റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. ഇപ്പോള്‍ ഇതേക്കുറിച്ച് ഐ.ഐ.സി.സി അന്വേഷണം നടത്തുകയാണ്. ഇതിനിടെ യൂത്തു കോണ്‍ഗ്രസ് ഭാരവാഹിത്വം എംഎല്‍എ രാജി വയ്ക്കുകയും ചെയ്തു.
കേരളത്തിലെ യൂത്തു കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മാറുന്ന ഘട്ടത്തില്‍ സംസ്ഥാന പ്രസിഡന്റാകാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന തരത്തില്‍ ഇതിനിടെ വാര്‍ത്തകളും പ്രചരിച്ചു.
ആരോപണം അടിസ്ഥാനരഹിതം: എംഎല്‍എ
എന്നാല്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലല്ല തന്നെ ദേശീയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതെന്നും സംസ്ഥാന കോണ്‍ഗ്രസില്‍ സജീവമാകുന്നതിനായി രാജിവയ്ക്കുകയായിരുന്നുവെന്നും മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നുമാണ് എംഎല്‍എ രാഷ്ട്രദീപികയോട് പ്രതികരിച്ചു. ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് യുത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ പ്രതികരിച്ചിട്ടുണ്ടെണ്ടെന്നും അദ്ദഹേം പറഞ്ഞു.