തളിപ്പറമ്പ്: കുറുമാത്തൂര്‍ തേര്തലയില് പേയിളകിയ അഞ്ച് പശുക്കളെ ദയാവധത്തിന് വിധേയമാക്കി. മരണം കാത്ത് നാല് പശുക്കള്‍ കൂടി. ഇന്നലെ രാത്രി ഒന്‍പതോടെയാണ് മൃഗസംരക്ഷണവകുപ്പ് അസി.ഡയറക്ടര്‍ ഡോ.വി.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പശുക്കളെ ദയാവധത്തിന് വിധേയമാക്കിയത്. നിലവില്‍ നാലു പശുക്കള്‍ കൂടി പേയിളകാന്‍ സാധ്യതയുള്ളതിനാല്‍ ദയാവധത്തിന് കാത്തിരിക്കുകയാണ്. ഇതില്‍ രണ്ടെണ്ണത്തിന്റെ നില ഗുരുതരമാണ്.
ഭയാനകമായ രീതിയില്‍ അക്രമസ്വഭാവം കാണിക്കുന്നവയായതിനാല് ഇവയെ നിലനിര്‍ത്തുന്നത് അപകടകരമായതിനാലാണ് അടിയന്തര നടപടികള്‍ സ്വീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. നേരത്തെ മൂന്ന് പശുക്കള്‍ ഇവിടെ പേയിളകി ചത്തിരുന്നു.
പേയിളകിയ പശുക്കളെ പരിപാലിച്ച നാലുപേര്‍ ചികിത്സയില്‍ കഴിയുകയുമാണ്. ജൂലൈ മൂന്നിനാണ് ടി.എം.വാസുദേവന്‍ നമ്പൂതിരിയുടെ കറവപ്പശുവിനെ പകല്‍സമയത്ത് കുറുക്കന് കടിച്ചത്. ഉടന്‍ തന്നെ ഡോക്ടറെ എത്തിച്ച് കുത്തിവയ്പ്പ് നടത്തുകയും ചെയ്തു. തുടര്‍ന്ന് പി.കെ.സരോജിനിയുടെ രണ്ട് പശുക്കള്‍, സി.വി.കുഞ്ഞിരാമന്റെ ആറു പശുക്കള്‍ എന്നിവയ്ക്കും കടിയേറ്റു. ഇവയില്‍ മൂന്ന് പശുക്കള്‍ ചാവുകയും ആറെണ്ണത്തിന് പേയിളകുകയും ചെയ്തു.
കുഞ്ഞിരാമന്റെ വീട്ടിലെ പശുക്കളുടെ അവസ്ഥ ആരെയും കണ്ണീരിലാഴ്ത്തുന്നതാണ്. പശുക്കള്‍ക്കെല്ലാം മുഖത്ത് കടിയേറ്റതിനാലാണ് കുത്തിവയ്പ്പ് എടുത്തിട്ടും രക്ഷിക്കാന്‍ കഴിയാതിരുന്നതെന്ന് ചെങ്ങളായി വെറ്റിനറി സര്ജന് ഡോ.അനു പറഞ്ഞു.