ഇന്ത്യക്കാര്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ വകയായി ഇറാഖില്‍ അരങ്ങേറുന്ന വിവിധ അക്രമങ്ങള്‍ എക്കാലവും ചര്‍ച്ചാ വിഷയമാണ്. മൊസൂളില്‍ 39 ഇന്ത്യാക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത് ലോകം മുഴുവന്‍ ഞെട്ടലുളവാക്കിയ സംഭവമാണ്. 2018 മാര്‍ച്ചില്‍ ഇറാഖിലെ ഒരു വലിയ കുഴിയില്‍ നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തിയതും അത് പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവന്നതും ആരും മറന്നിട്ടില്ല. എന്നാല്‍ അതിശയിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇറാഖിലേക്ക് ജോലിക്ക് വേണ്ടി ഇപ്പോഴും ഇന്ത്യന്‍ യുവാക്കളുടെ നീണ്ട ക്യൂവാണത്രേ.
ദുബായിലേക്കെന്ന് പറഞ്ഞ് വിസിറ്റിംഗ് വിസയില്‍ പോകുന്നവര്‍ പോലും പിന്നീട് ഇറാഖിലേക്ക് ജോലിക്ക് വേണ്ടി പോകുന്നതായി ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എമിഗ്രന്റ്സ് മാനേജ്മെന്റ് കൗണ്‍സില്‍ ആന്റ് അസോസിയേഷന് ചെയര്മാന് ദീപക് എച്ച് ഛാബ്രിയയാണ് ചൂണ്ടിക്കാട്ടുന്നത്. ഇത് വിശദമാക്കി പ്രധാനമന്ത്രിയക്ക് കത്തും അയച്ചിട്ടുണ്ട്.
സാമൂഹ്യമാധ്യമം വഴിയാണ് ഇറാഖ് വിദേശ തൊഴിലാളികളെ ക്ഷണിക്കുന്നത്. ഈ രീതിയില്‍ ആയതിനാല്‍ ഗള്‍ഫിലേക്ക് പോകുന്ന ഇത്തരം ഇന്ത്യന്‍ തൊഴിലാളികള്‍ ശരിക്കും എവിടെയാണ് തൊഴില്‍ തേടി പോകുന്നതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ വരികയാണെന്നാണ് വിലയിരുത്തല്‍.
യുദ്ധം തകര്‍ത്ത സാഹചര്യത്തില്‍ ഇറാഖ് പുനര്‍ നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ അവിടെ കൂടുതല്‍ തൊഴിലവസരം ഉണ്ടാകുന്നു എന്നതും അത്യാകര്‍ഷകമായ ശമ്പളവുമാണ് ഇന്ത്യന്‍ യുവാക്കളെ ഇത്രയും റിസ്ക് എടുത്ത് ഇറാഖിലേയ്ക്ക് പോകാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.
ഗള്‍ഫ് നാടുകളില്‍ 25,000 രൂപ വരെ കിട്ടുന്ന ജോലിക്ക് ഒരു ലക്ഷം മുതല്‍ 2 ലക്ഷം വരെയാണ് ഇറാഖിലെ ജോലിക്ക് കൂലി കിട്ടുന്നത്. പോകുന്നവരില്‍ പലരും ഇറാഖിലെ അപകടങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെന്നും ശമ്പളം മാത്രം കാണിച്ചാണ് ഏജന്റുമാര്‍ യുവാക്കളെ ഇറാഖിലേയ്ക്ക് നയിക്കുന്നതെന്നും എമിഗ്രന്റ്സ് അസോസിയേഷന് പറയുന്നു.