പത്തനംതിട്ട: പോലീസ് തലപ്പത്തുണ്ടായ വീഴ്ചയുടെ ഫലമാണ് ജെസ്നയുടെ തിരോധാനത്തെ സംബന്ധിച്ച അന്വേഷണം നീളാൻ കാരണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എംഎൽഎ. മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്നയെ കാണാതായിട്ട് നാലുമാസം ആകുന്പോഴും അന്വേഷണം എവിടെയുമെത്താത്തതിൽ പ്രതിഷേധിച്ച് ഡിസിസി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കാര്യാലയത്തിനു മുന്പിൽ നടത്തിയ കൂട്ടഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പോലീസ് കസ്റ്റഡി മരണങ്ങൾ, തിരോധാനങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, കവർച്ച എന്നിവ വർധിച്ചിരിക്കുകയാണെന്നു മുരളീധരൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കുപോലും ക്രിമിനൽ തടവുകാരുമായിട്ടാണ് ചങ്ങാത്തം. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെയും, ഷുഹൈബ് വധത്തിലെയും പ്രതികളായവരെ ജയിലിൽ സന്ദർശിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്.
ജെസ്നയെ കാണാതായിട്ട് നാലുമാസം പിന്നിട്ടിട്ടും സർക്കാർ ഇരുട്ടിൽ തപ്പുന്ന സാഹചര്യത്തിൽപരാജയം കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് കെ.മുരളീധരൻ ആവശ്യപ്പെട്ടു. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സമരം സമാധാനപരമായതുകൊണ്ട് ഇനിയുള്ള സമരം അങ്ങനയാകണമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന ഐജി മനോജ് ഏബ്രഹാം ഇതേവരെ സ്ഥലത്ത് എത്താത്തത് ദുരൂഹമാണ്. സത്യം പുറത്തുവരുന്നതിനെ സർക്കാരിനും സിപിഎമ്മിനും ഭയമാണോയെന്നും മുരളീധരൻ ആരാഞ്ഞു.