പിറവം: യുവതിയെ കത്തിക്ക് കുത്തി പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് പോലീസ് പിടിയിൽ. മണീട് ആനമുന്തിക്ക് സമീപം ചീരക്കായത്ത് റെജിയുടെ ഭാര്യ സിന്ധു(34)വിനാണ് കത്തിക്ക് കുത്തേറ്റത്. ഭർത്താവ് റെജിയെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. മദ്യലഹരിയിലാണ് പ്രതി ഭാര്യയെ കുത്തിയതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി പത്തോടെ വീടിനുള്ളിൽവെച്ചാണ് സംഭവമുണ്ടായത്. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നതായി നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ പരാതിയുമുണ്ട്. ഇന്നലെ രാവിലെ പോലീസ് സ്റ്റേഷനിൽ ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീർത്തതാണത്രെ. എന്നാൽ രാത്രിയിൽ വീണ്ടും ബഹളമുണ്ടാവുകയും കത്തികൊണ്ട് സിന്ധുവിനെ കുത്തുകയുമായിരുന്നു. സിന്ധുവിനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.