തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങില്‍ നടന് മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ളവരുടെ ഭീമഹര്‍ജി. പ്രകാശ് രാജ്, എന്‍.എസ്. മാധവന്, സച്ചിദാനന്ദന്, സനല്‍കുമാര്‍ ശശിധരന്,സേതു, രാജീവ് രവി, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ബീന പോള്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, പ്രിയനന്ദനന്, സജിതാ മഠത്തില്‍, എന്നിവരുള്‍പ്പെടെ 105 ആളുകളാണ് ഭീമഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നത്.
പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്കു തിരിച്ചെടുത്തതിലെ പ്രതിഷേധമാണു മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിനു പിന്നില്‍. ദിലീപിനെ തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹന്‍ലാലിനെ ഇടതു സര്‍ക്കാര്‍ മുഖ്യാതിഥിയാക്കുന്നതു സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു ചോദ്യം ചെയ്തിരുന്നു. ചടങ്ങിന്റെ ഗ്ലാമര്‍ കൂട്ടാന്‍ സൂപ്പര്‍താരം വേണമെന്ന നിലപാടു ശരിയല്ല. അങ്ങനെയെങ്കില്‍ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്നും ഡോ. ബിജു വ്യക്തമാക്കി.
അവാര്‍ഡ് ജേതാക്കള്‍ക്കും മുഖ്യമന്ത്രിയ്ക്കുമാവണം പുരസ്കാര സമര്‍പ്പണച്ചടങ്ങില്‍ പ്രാധാന്യമെന്നു ചലച്ചിത്ര നിരൂപകന് വി.കെ. ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ നിലപാടില്‍ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്കും അതൃപ്തിയുണ്ട്. നടിക്കൊപ്പം എന്നു പറയുമ്പോഴും ദിലീപിന് അനുകൂലമായി സംസാരിക്കുന്ന ഇടത് എംഎല്‍എമാരെ സിപിഎം പൂര്‍ണമായും തള്ളിയിരുന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്കാര സമര്‍പ്പണച്ചടങ്ങ് കൊല്ലത്തു സംഘടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീടാണ് വേദി തിരുവനന്തപുരത്തേക്കു മാറ്റിയത്. അടുത്തമാസം എട്ടിന് നിശാഗന്ധിയിലാണ് അവാര്‍ഡ് നിശ.
ഹര്‍ജിക്കാര്‍ പറയുന്നത്…
ദേശീയ പുരസ്കാരം രാഷ്ട്രപതി നല്കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്കുന്ന ഒരു പുരസ്കാര ചടങ്ങ് ആണ് കേരളത്തിലും ഉണ്ടാകേണ്ടത്. സാംസ്കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്കാരം നല്കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം കേരള സംസ്ഥാന അവാര്‍ഡ് വിതരണ വേദി. ഈ ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല, പുരസ്കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ്
മുഖ്യഅതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധിനിര്‍ണയത്തില്‍ പുരസ്കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകും അത്. അത്തരം ഒരു കീഴ്വഴക്കം സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ അനുവര്‍ത്തിക്കരുത് എന്ന് ഞങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. ആ ചടങ്ങിലെ മുഖ്യ അതിഥികള്‍ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രം ആയിരിക്കണം.
അതിനു കോട്ടംതട്ടുന്ന തരത്തില്‍ ഒരു മുഖ്യാതിഥിയെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നത്. ഈ ഒരു രീതി ഒരു വര്‍ഷവും അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഇത് ദൂരവ്യാപകമായ ദോഷം ചെയ്യുന്ന കീഴ്വഴക്കം ആയി മാറും. ആയതിനാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും അല്ലാതെ ഒരു മുഖ്യഅതിഥിയും ഉണ്ടാകരുത് എന്ന നിലപാട് ഇപ്പോഴും തുടര്‍ന്നും സര്‍ക്കാര്‍ സ്വീകരിക്കണം എന്ന് ഞങ്ങള്‍ സംയുക്തമായി ആവശ്യപ്പെടുന്നു.