ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ച വേദിയില്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചതും പിന്നീട് തിരിച്ചെത്തി പ്രതിപക്ഷ നിരയെ നോക്കി കണ്ണിറുക്കിയതുമൊക്കെ വലിയ ചര്‍ച്ചയും ചെറിയ രീതിയില്‍ വിവാദവുമായിരുന്നു. ആലിംഗനവും കണ്ണിറക്കലുമൊന്നും നടത്തേണ്ട വേദിയല്ല ഇതെന്ന് സ്പീക്കര്‍ സുമത്രാ മഹാജനും അഭിപ്രായപ്പെട്ടിരുന്നു.
ആലിംഗനത്തിന് പലരും വ്യത്യസ്തമായ അര്‍ത്ഥങ്ങള്‍ സമ്മാനിച്ചപ്പോള്‍ കണ്ണിറുക്കലിനെ ഒരുവിധം എല്ലാവരും മാണിക്യമലര്‍ ഗാനത്തിലെ പ്രിയാ വാര്യരുടെ കണ്ണിറുക്കലിനോടാണ് ഉപമിച്ചത്. എന്നാല്‍ വെറും സിനിമാരംഗമായി രാഹുലിന്റെ കണ്ണിറുക്കലിനെ തരം താഴ്ത്തിയവര്‍ മറന്നുപോയ ഒന്നുണ്ട്. കോണ്‍ഗ്രസിലെ തന്ത്രശാലിയായിരുന്ന കെ കരുണാകരന്റെ പ്രസിദ്ധമായ കണ്ണിറുക്കല്‍.
ഒരാള്‍ക്കിട്ട് ‘പണി’ കൊടുത്തിട്ടോ ‘പണി’ കൊടുക്കാന്‍ ഉദ്ദേശിച്ചോ കരുണാകരന് ചുറ്റുമുള്ളവരെ നോക്കി കാണിക്കുന്ന ആത്മവിശ്വാസത്തിന്റെ അടയാളമായിരുന്നു ആ കണ്ണിറുക്കല്‍. വല്ലപ്പോഴും മാത്രമേ അതുണ്ടാവുകയും ചെയ്തിരുന്നുള്ളു. കരുണാകരന് കണ്ണിറുക്കിയാല്‍ ആര്‍ക്കോ ഒരു പണി കിട്ടിയിട്ടുണ്ടെന്ന് എല്ലാവര്ക്കും ഉറപ്പായിരുന്നു. ഗാന്ധി കുടുംബത്തിന്റെ ആത്മസുഹൃത്തും അടുപ്പക്കാരനുമായിരുന്ന കരുണാകരന്റെ കണ്ണിറുക്കലാണ് ഇപ്പോള്‍ രാഹുല്‍ നടത്തിയിരിക്കുന്നതെന്നതും കൗതുകമുണര്‍ത്തുന്ന കാര്യമാണ്.
അതേസമയം മോദിയെ ആലിംഗനം ചെയ്ത നടപടിയെ ധൃതരാഷ്ട്രാലിംഗനമായി വിശേഷിപ്പിക്കുന്നവരും ഉണ്ട്. ”താങ്കളെ ഞാന്‍ പരാജയപ്പെടുത്തിയിരിക്കും” എന്ന ആത്മവിശ്വാസത്തിന്റെ പരമോന്നതിയിലുള്ള പ്രകടനമായാണ് രാഹുലിന്റെ ഈ ‘ധൃതരാഷ്ട്രാലിംഗനത്തെ’ വിലയിരുത്തുന്നത്.