പാലക്കാട് : ഒറ്റപ്പാലത്ത് 122 ക്ലാസ് മുറികൾ കൂടി ഉടൻ ഡിജിറ്റലൈസ് ചെയ്യുമെന്ന് ഒറ്റപ്പാലം എം.എൽ.എ പി ഉണ്ണി അറിയിച്ചു. ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ എം.എൽ.എ ഫണ്ട്, മണ്ഡലം ആസ്തി വികസന ഫണ്ട് എന്നിവയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകനയോഗത്തിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്.
ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ 108 സ്കൂളുകളിലെ ഒന്നാം ക്ലാസുകൾക്കായി 122 ക്ലാസ്മുറികളാണ് ഒരുങ്ങുന്നത്. ഒരു ക്ലാസ് സ്മാർട്ട് ആക്കാൻ ഒരുലക്ഷം രൂപയാണ് അനുവദിക്കുന്നത്. ലാപ്ടോപ്പ്, സ്ക്രീൻ, കംപ്യൂട്ടർ, പ്രൊജക്ടർ, അനുബന്ധ ഉപകരണങ്ങൾ എന്നിവയടക്കമാണ് ഓരോ ക്ലാസ് മുറികൾക്കും നൽകുന്നത്.
സർക്കാർ എയ്ഡഡ് സ്കൂളുകൾക്കാണ് ഫണ്ട് നൽകുന്നത്. യോഗത്തിൽ എം.എൽ.എ അധ്യക്ഷനായി. 2017-18 വർഷത്തെ എം.എൽ.എ ഫണ്ടിൽ നിന്നുളളതും ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതുമായ പ്രവർത്തികൾ സമയബന്ധിതമായി തീർക്കാനും യോഗം തീരുമാനിച്ചു.