ഹൃദ്രാഗിയായ യുവാവിനോട് പോലീസിന്റെ മൂന്നാംമുറ; റജിന് വിനയായത് മോഷണം നടന്ന കടയ്ക്കു മുമ്പിലൂടെ ബൈക്കില്‍ പോയതും മോഷ്ടാക്കളില്‍ ഒരാളുമായുള്ള രൂപസാദൃശ്യവും; മരണത്തോടു മല്ലിട്ട് യുവാവ്…

തിരുവനന്തപുരം : പോലീസിന്റെ മൂന്നാംമുറ പ്രയോഗത്തില്‍ മരണത്തെ മുമ്പില്‍ കണ്ട് നിര്‍ധന യുവാവ്. മര്‍ദ്ദനത്തില്‍ അവശനായ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. വെള്ളറട, കുന്നത്തുകാല്‍ ചെറിയകൊല്ല, അമ്പലത്തുവിളാകം റോഡരികത്തു വീട്ടില്‍ റജിന്റെ ജീവന്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ ചെന്നൈയില്‍നിന്നെത്തുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാകും വിധി പറയുക. ‘എന്തെങ്കിലും സംഭവിക്കും മുമ്പേ എന്റെ നിരപരാധിത്വം തെളിയിക്കണം’- വിതുമ്പലോടെ റജിന്‍ (21) പറയുന്നു. ഒരിക്കല്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും റജിന്റെ ഹൃദയധമനികളിലൊന്ന് തീര്‍ത്തും തകരാറിലാണ്. പോലീസിന്റെ ക്രൂരമര്‍ദനമേറ്റ് ആയുസ് തുലാസിലായെങ്കിലും നിരപരാധിത്വം തെളിയിക്കാന്‍ ഈ യുവാവ് മുട്ടാത്ത വാതിലുകളില്ല.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് റജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീടുള്ള അഞ്ചു ദിവസം ക്രൂരപീഡനമാണ് റജിന് ഏല്‍ക്കേണ്ടി വന്നത്. പോരാത്തതിനു രണ്ടു മോഷണക്കേസുകളില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. മോഷണം നടന്ന കടയ്ക്കു മുന്നിലൂടെ ബൈക്കില്‍ സഞ്ചരിച്ചെന്ന കുറ്റമേ താന്‍ ചെയ്തുള്ളൂവെന്നു റജിന്‍ പറയുന്നു. മോഷ്ടാക്കളില്‍ ഒരാളുമായുള്ള രൂപസാദൃശ്യമാണു വിനയായത്. കടയിലെ സി.സി. ടിവി ദൃശ്യങ്ങളില്‍ കണ്ട ഒരാള്‍ക്കു താനുമായി രൂപസാദൃശ്യമുണ്ടെന്നു നാട്ടില്‍ പ്രചരിച്ചതോടെ സത്യം ബോധിപ്പിക്കാന്‍ വെള്ളറട സ്റ്റേഷനില്‍ ചെന്ന റജിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അഞ്ചുദിവസത്തിനിടെ വെള്ളറട, നെയ്യാറ്റിന്‍കര, ആര്യന്‍കോട്, കാഞ്ഞിരകുളം പോലീസ് സ്റ്റേഷനുകളിലും ചില ഗോഡൗണുകളിലും എത്തിച്ച് തെളിവെടുപ്പിന്റെ പേരില്‍ മര്‍ദിച്ചു. ഹൃദ്രോഗിയാണെന്നു പറഞ്ഞിട്ടും ദാക്ഷിണ്യമുണ്ടായില്ല. ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാന്‍ മൂന്നാംമുറ പ്രയോഗിച്ചു. കണ്ണിലും രഹസ്യഭാഗങ്ങളിലും മുളകുവെള്ളവും ചൂടുവെള്ളവും മാറിമാറി പ്രയോഗിച്ചു. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 21 ദിവസത്തെ ജയില്‍വാസത്തിനിടെ മൂന്നുവട്ടം ആശുപത്രിയില്‍ കൊണ്ടുപോയി. ജാമ്യം കിട്ടിയശേഷം 18 ദിവസത്തോളം ആയുര്‍വേദചികിത്സ നടത്തി. രണ്ടുമാസം വേണ്ടിവന്നു നിവര്‍ന്നു നില്‍ക്കാന്‍. മര്‍ദനത്തിന്റെ ഫലമായി ഹൃദയധമനി ചതഞ്ഞ് പഴുപ്പുകയറിയ നിലയിലാണിപ്പോള്‍.

പട്ടാപ്പകല്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ കുന്നത്തുകാല്‍ ജങ്ഷനിലെ റബര്‍ക്കടയില്‍നിന്ന് ഒരുലക്ഷം രൂപ കവര്‍ന്നതാണു റജിന്റെ ജീവിതം തകര്‍ത്ത സംഭവങ്ങളുടെ തുടക്കം. മോഷ്ടാക്കള്‍ എത്തിയതു പള്‍സര്‍ ബൈക്കിലാണെന്നു സിസി ടി.വി. ദൃശ്യങ്ങളില്‍ വ്യക്തം. എന്നാല്‍, ഡിസ്‌കവര്‍-125 ബൈക്കെന്നാണു കേസ് രേഖകളില്‍. രണ്ടുപ്രതികളില്‍, ‘തനിക്കൊപ്പം’ ഉണ്ടായിരുന്നെന്നു പോലീസ് പറയുന്ന രണ്ടാമനെ പിടികൂടാന്‍ ആയിട്ടില്ലെന്നും റജിന്‍ പറയുന്നു. വെള്ളറട എസ്.ഐയും സി.ഐയുമാണു മര്‍ദനത്തിനു നേതൃത്വം നല്‍കിയതെന്നു റജിന്‍ പറഞ്ഞു. എ.സി. മെക്കാനിക്കായ റജിന് ഒരു ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഇനി ജോലിയ്ക്കു പോകാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Related posts