എം.ജി. ലിജോ
കോട്ടയം: കേരള ക്രിക്കറ്റ് അസോസിയേഷനിൽനിന്ന് തന്നെ എന്നെന്നേക്കുമായി പുറത്താക്കാൻ ചിലർ ബോധപൂർവമായ ശ്രമങ്ങൾ നടത്തുകയാണെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു. താൻ അഴിമതി നടത്തിയെന്ന് സ്ഥാപിക്കുന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചിലർ ബോധപൂർവം മെനഞ്ഞെടുത്തതാണെന്ന് ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദേഹം വ്യക്തമാക്കി.
വീട്ടുവാടകയിനത്തിൽ താൻ ഭീമമായ തുക കെസിഎയ്ക്ക് നഷ്ടം വരുത്തിയെന്ന ആരോപണം തെറ്റാണ്. കെസിഎയുടെ പേരിൽ വാടകയ്ക്ക് അപ്പാർട്ട്മെന്റ് എടുത്തുവെന്നതിന് ഒരു വാടകച്ചീട്ട് പോലുമില്ല. ആകെയുള്ളത് ഒരു ലെഡ്ജർ അക്കൗണ്ട് മാത്രമാണ്. ഇതു കൈകാര്യം ചെയ്യുന്നതാകട്ടെ സെക്രട്ടറി ജയേഷ് ജോർജാണ്. ഈ അക്കൗണ്ടിൽ നിന്നാണ് പണം പോയിരിക്കുന്നത്.
അക്കൗണ്ടന്റിനെ വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോൾ അയാൾ ഇക്കാര്യം വ്യക്തമാക്കി. എനിക്കെതിരേ മൊഴി നല്‍കാത്തതിന്റെ പേരിൽ അയാളെ ലീവെടുപ്പിച്ചിരിക്കുകയാണ്. എന്റെ മകൻ ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ മെംബറാണ്. അതുകൊണ്ടുതന്നെ കെസിഎയുടെ താമസ സ്ഥലം കുറച്ചുദിവസം ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇത്തരം കാര്യങ്ങൾ പോലും വലുതാക്കി എനിക്കെതിരേ നീക്കം നടത്തുകയാണ്്- ടി.സി. മാത്യു ആരോപിച്ചു.
കെസിഎ സെക്രട്ടറി ശ്രീജിത് നായരാണ് അന്വേഷണ കമ്മീഷൻ ചെയർമാൻ. അസോസിയേഷന് സ്വതന്ത്രമായ ഒരു അന്വേഷണ കമ്മീഷൻ നിലവിലുണ്ട്. എന്നാൽ, ഈ കമ്മീഷനെ നിയോഗിക്കാതെ പകരം കെസിഎ മെംബർമാരായ നാലുപേരാണ് എനിക്കെതിരായ അന്വേഷണ കമ്മീഷനിൽ ഉൾപ്പെട്ടത്.
സാക്ഷികൾക്കു നല്കിയ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയത് കമ്മീഷൻ ചെയർമാനാണ്. താൻ തുടങ്ങിവച്ച പല സ്വപ്നപദ്ധതികളും ഇപ്പോഴത്തെ ഭരണസമിതി നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും മാത്യു ആരോപിക്കുന്നു.