കുമരകം: ഒരാഴ്ചയിലേറെ നീണ്ട ജലപ്രളയ ദുരിതത്തിനറുതിയാകും മുന്പേ വീണ്ടും ഒരു വെള്ളപ്പൊക്കത്തെ നേരിടണ്ടി വരുമെന്ന ആശങ്കയിലാണ് ജില്ലയുടെ പടിഞ്ഞാറൻ പ്രദേശവാസികൾ. ഒരാഴ്ച മുൻപ് കയറിയ വെള്ളം തീർത്തും ഇറങ്ങും മുന്പേ ഇന്നലെ മുതൽ മഴ ശക്തമായതാണ് ആശങ്കക്ക് അടിസ്ഥാനം.
ഇന്നലെ രാത്രിയിൽ പെയ്ത മഴ ഇറങ്ങിക്കൊണ്ടിരുന്ന വെള്ളത്തിന്റെ ഗതി തടസപ്പെടുത്തുകയും ജലനിരപ്പ് വർധിപ്പിക്കുകയും ചെയ്തു. മഴ വീണ്ടും തുടർന്നാൽ ദുരിതബാധിതരുടെ ദുരിതങ്ങൾ അവസാനിക്കാൻ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും’ ദുരിത ബാധിതർക്ക് സന്നദ്ധ സംഘടനകളും ആത്മിയ പ്രസ്ഥാനങ്ങളും സഹകരണ സംഘങ്ങളും ടൂറിസം മേഖലയുമൊക്കെ അത്യാവശ്യ സഹായം മുൻ വർഷങ്ങളിലേക്കാൾ അധികമായി നൽകുന്നുണ്ട്.
രാഷട്രീയ സാമുദായിക പ്രസ്ഥാനങ്ങളും അവയുടെ യുവജന പ്രസ്ഥാനങ്ങളും സഹായഹസ്തവുമായി ഇപ്പോഴും ദുരിത ബാധിതർക്കൊപ്പമുണ്ട്.