ചേർത്തല: ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പള്ളിപ്പുറം സ്വദേശി സി.എം സെബാസ്റ്റ്യന്റെ വീടും പരിസരവും വിശദമായി പരിശോധിക്കുവാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇക്കാര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുവാദം ലഭിച്ചാൽ ഉടൻ പള്ളിപ്പുറത്തെ വീടും പുരയിടവും കുഴിച്ച് പരിശോധിക്കുവാനാണ് നീക്കം. ഇയാളുടെ പുരയിടത്തിൽ സെപ്ടിക്ക് ടാങ്ക് മാലിന്യം തള്ളിയതായി നേരത്തെ നാട്ടുകാർ മൊഴി നൽകിയിരുന്നു.
തന്റെ സമ്മതത്തോടെ സ്വന്തം പുരയിടത്തിൽ ഇത് തള്ളുവാൻ സമ്മതിച്ചതായി സെബാസ്റ്റ്യനും പറഞ്ഞിരുന്നു. ഇതാണ് പോലീസിന് കൂടുതൽ സംശയമായത്. അതോടൊപ്പം സെബാസ്റ്റ്യനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നതിനായുള്ള നടപടികൾ തുടങ്ങി. ബിന്ദുവിന്റെ ഭൂമി തട്ടിയെടുത്തതടക്കമുള്ള കേസുകളിലെ മുഖ്യപ്രതിയാണ് സെബാസ്റ്റ്യൻ.
അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ച് മൊഴിനൽകിയ സെബാസ്റ്റ്യൻ ഇതിനായി മികച്ച ആസൂത്രണം നടത്തിയതായാണ് കണ്ടെത്തൽ. ബിന്ദു പത്മനാഭൻ ജീവിച്ചിരിക്കുന്നതായി പ്രചരിപ്പിക്കാൻ സെബാസ്റ്റ്യൻ നടത്തിയ നീക്കങ്ങൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
സെബാസ്റ്റ്യന്റെ ഈ തന്ത്രങ്ങൾ ബിന്ദു ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ പലതവണ ചോദ്യംചെയ്യൽ നടത്തിയിട്ടും സെബാസ്റ്റ്യൻ കാര്യങ്ങൾ തുറന്ന് പറയാത്തത് അന്വേഷണസംഘത്തെ കുഴക്കുകയാണ്. കോടതിയുടെ അനുമതിയോടെ നുണപരിശോധന ഉൾപ്പെടെ നടത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.
അതേസമയം സെബാസ്റ്റ്യന്റെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇന്നലെ ചേർത്തല കോടതിയിൽ ഹാജരാക്കുകയും വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. വ്യാജ വിൽപത്രവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പരിശോധനയ്ക്കായി പോലീസ് കോടതിയിൽ അപേക്ഷ നൽകി. ബിന്ദുവിന്റെ മാതാവ് അംബികയുടെ കാർ ഡ്രൈവറെയും ഇന്നലെ നർക്കോട്ടിക്ക് ഡിവൈഎസ്പിയുടെ സംഘം ചോദ്യം ചെയ്തു.