ഗാന്ധിനഗർ: കെവിൻ കേസിനു സമാനമായ മറ്റൊരു പ്രണയ കഥകൂടി ഗാന്ധിനഗറിൽ നിന്ന്. ഇക്കുറി പോലീസ് വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. അതുകൊണ്ട് പോലീസിന് ഒരു പഴിയും കേൾക്കേണ്ടി വന്നില്ലെന്നു മാത്രമല്ല പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ കോടതി അനുവദിക്കുകയും ചെയ്തു.
കോട്ടയം മെഡിക്കൽ കോളജ് ബയോ കെമിസ്റ്റ് വിദ്യാർഥിനിയെ കാണാനില്ല എന്നായിരുന്നു ആദ്യ പരാതി. പെണ്‍കുട്ടിയുടെ വീട്ടുകാർ സ്റ്റേഷനിലെത്തി പരാതി നല്കി. പോലീസ് അപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്തു. നിയമാനുസൃതം അറിയിക്കേണ്ട സ്ഥലത്തെല്ലാം അറിയിച്ചു. പെണ്‍കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു.
അന്വേഷണത്തിൽ വ്യക്തമായത് വിദ്യാർഥിനി കുമാരനല്ലൂർ സ്വദേശിയായ ടാക്സി ഡ്രൈവർക്കൊപ്പം പോയി എന്നായിരുന്നു. പോലീസ് അവരുടെ ഒളിത്താവളം കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു. ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ കോടതി ടാക്സി ഡ്രൈവർക്കൊപ്പം പോകാൻ അനുവദിക്കുകയും ചെയ്തു.
ഇതിന്റെ പേരിൽ ആരുടെയും ശിപാർശ കേൾക്കാനോ നിയമാനുസൃതമല്ലാത്ത ഒരു കാര്യത്തിൽ ഇടപെടാനോ പോലീസ് തയാറായില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്. അതേ സമയം കെവിൻ കേസിൽ പോലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ സഹായിക്കാനായി കെവിനെ വിട്ടുകൊടുക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
എസ്ഐയും ഏതാനും പോലീസുകാരും വഴി വിട്ട പ്രവർത്തി നടത്തിയതിന്റെ ഫലമാണ് കെവിൻ എന്ന യുവാവിനെ പിടിച്ചുകൊണ്ടുപോയി കൊല്ലാനിടയാക്കിയത്. പോലീസ് അന്ന് നിയമാനുസൃതം കേസ് കൈകാര്യം ചെയ്തിരുന്നുവെങ്കിൽ കെവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു.