പത്തനംതിട്ടയില്‍ നിന്നു കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ നാടകീയ വഴിത്തിരിവ്. ജെസ്നയെ കാണാതാകുന്നതിന് മുമ്പ് നടത്തിയ ഫോണ്‍ കോളുകളുടെയും ചില വ്യക്തമായ സൂചനകളുടെയും അടിസ്ഥാനത്തില്‍ പോലീസ് കര്‍ണാടകയിലെ കുടകില്‍ അന്വേഷണം നടത്തി.
ഒരാഴ്ചയ്ക്കുള്ളില്‍ കേസ് അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നുണ്ട്.
ജെസ്നയുടെ കുടുംബം കുടകില്‍നിന്നു മുക്കൂട്ടുതറയിലെത്തി താമസമാക്കിയതാണ്. ഈ സാഹചര്യത്തിലാണു പോലീസ് ടീം കുടകിലെത്തി നിരവധി വീടുകളില്‍ അന്വേഷണം നടത്തിയത്. വിരാജ്പേട്ട, സിന്ധുപുര, മടിക്കേരി പ്രദേശങ്ങളിലും അന്വേഷണം നടത്തിയ സംഘത്തിന് ചില സൂചനകള്‍ ലഭിച്ചു.
ജെസ്നയുടെ ഫോണില്‍നിന്നു മുമ്പു കുടകിലേക്കു ഏതാനും കോളുകള്‍ പോയതായി കണ്ടതും അന്വേഷണം അവിടേക്കും വ്യാപിപ്പിക്കാന്‍ കാരണമായി. ഫോണ്‍ കോളുകള്‍ അടിസ്ഥാനമാക്കി അന്വേഷണം തുടരുന്നതിനൊപ്പം മുണ്ടക്കയം കേന്ദ്രീകരിച്ച് ഏതാനും പേര് നിരീക്ഷണത്തിലാണ്.
വരുംദിവസങ്ങളില്‍ ഫോണ്‍ വിളികളുടെ അടിസ്ഥാനത്തില്‍ നാലുപേരെ പോലീസ് സൈബര്‍ സെല്‍ ചോദ്യം ചെയ്യും. അന്വേഷണം നേരായ ദിശയിലാണ് നീങ്ങുന്നതെന്നും ഒരാഴ്ചയ്ക്കുള്ളില്‍ വ്യക്തമായ സൂചനകളില്‍ എത്താന്‍ പറ്റുമെന്നാണു പ്രതീക്ഷയെന്നും പോലീസ് പറഞ്ഞു.
ജെസ്നയ്ക്ക് ഒന്നിലേറെ ഫോണുകളുണ്ടായിരുന്നു എന്നതിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. രണ്ടു വര്‍ഷം ഉപയോഗിച്ചിരുന്ന പഴയ മോഡല്‍ മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ പോലീസ് കൈവശമാണുള്ളത്.