തൃശൂർ: തോക്കും മറ്റ് ആയുധങ്ങളുമായി നായാട്ടിനെത്തിയ രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ചാലക്കുടി ആനമല ജംഗ്ഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ വാഹനത്തിൽ നിന്നാണ് തോക്കുകളടക്കമുള്ള ആയുധങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. ഇവർ കാട്ടിലേക്ക് നായാട്ടിനെത്തിയതാണെന്ന് വനംവകുപ്പ് അധികൃതരോട് സമ്മതിച്ചു. നേരത്തെയും നായാട്ടു കേസിൽ പ്രതികളായിട്ടുള്ളവരാണിവർ. പരിയാരം റേഞ്ച് ഓഫീസർ ഇന്ദുമതിയുടെ നേതൃത്വത്തിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.
കാറിൽ നിന്ന് തോക്കും കോടാലി, കത്തി, ചാക്ക് എന്നിവയും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പരിയാരം റേഞ്ച് ഓഫീസർ അറിയിച്ചു. പിടിയിലായവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇടുക്കി, കോലഞ്ചേരി സ്വദേശികളാണ് പിടിയിലായവർ. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്നുച്ചയോടെയാണ് ഇവരെ പിടികൂടിയത്. ഇവർ നായാട്ടിനായി കാട്ടിലേക്ക് കയറും മുൻപാണ് ഇവരെ പിടികൂടിയത്.