വണ്ടിത്താവളം: കനത്തമഴയിൽ സ്വകാര്യവ്യക്തിയുടെ വീടിനുമുന്നിലെ കിണർ ഇടിഞ്ഞ് അപകടഭീഷണിയായി. വണ്ടിത്താവളം സ്കൂൾ ഗ്രൗണ്ടിനുസമീപം അലയാർ റോഡിലെ ബഷീർ ഖാന്റെ വീട്ടുകിണറാണ് ഇടിഞ്ഞത്. കിണറിനരികേ ഒന്നരമീറ്റർ വ്യത്യാസത്തിലാണ് വണ്ടിത്താവളം-വിളയോടി പ്രധാനപാത.
പതിനഞ്ച് സ്വകാര്യ ബസുകളും പന്ത്രണ്ട് സ്കൂളുൾ ബസുകളും പതിവായി സഞ്ചരിക്കുന്നത് ഇതുവഴിയാണ്.
കിണറിൽ ജലനിരപ്പ് കൂടുകയും കുത്തിയൊഴുകിയ മഴവെള്ളവുമാണ് ആൾമറയില്ലാത്ത കിണറിനു തകർച്ചാഭീഷണിയുണ്ടാക്കിയത്.
35 വർഷംമുന്പാണ് ഇവിടെ കിണർ കുഴിച്ചത്. അന്ന് പഞ്ചായത്തിന്റെ പരിധിയിൽ വീതികുറഞ്ഞ മെറ്റൽ റോഡാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ പലതവണ റോഡുവികസനം നടത്തിയതോടെ കിണർ റോഡിന് അരികിലാകുകയായിരുന്നു.ഇരുവശത്തുനിന്നും ഒരേസമയം വലിയ വാഹനങ്ങൾ എത്തിയാൽ വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കിണറിനുസമീപത്ത് വേലികെട്ടിയിരിക്കുന്നതിനാൽ സംഭവസ്ഥലത്തെ അപകടം വാഹനം ഓടിക്കുന്നവർക്കും മനസിലാക്കാനാകുന്നില്ല. ഈ സാഹചര്യത്തിൽ കിണറിന്റെ അപകടാവസ്ഥ തിരിച്ചറിയുന്ന വിധത്തിൽ റോഡിന്റെ ഇരുവശത്തും മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ച് പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.