പുനലൂർ: കഴിഞ്ഞ രണ്ടു ദിവസമായി കാര്യമായി മഴ ലഭിക്കാത്തതിനെ തുടർന്ന് തെന്മല ഡാം ഷട്ടറുകൾ താഴ്ത്തി. കഴിഞ്ഞ ദിവസം വരെ 1 14.91 മീറ്റർ ആയിരുന്നത് ഇന്നലെ രാവിലെ 114.75 ആയതോടെ 30 സെ.മീറ്റർ ഉയർത്തിയിരുന്ന ഡാം ഷട്ടറുകൾ 15 സെ.മിറ്റർ ആയി താഴ്ത്തി.
കഴിഞ്ഞ 19 ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ഡാം തുറന്നത്. മഴ കുറഞ്ഞതും ഡാമിലേയ്ക്കുള്ള നീരെഴുക്ക് കുറഞ്ഞതുമാണ് ഷട്ടറുകൾ താഴ്ത്താൻ കാരണമായത്. രണ്ടു ദിവസം കൂടി മഴ ലഭിക്കാതെ വന്നാൽ ഷട്ടറുകൾ പുർണമായും അടയക്കാനും സാധ്യതയുണ്ട്. ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് മണൽതിട്ടകൾ കാണാൻ കഴിയും. ഡാമിലെ സംഭരണ ശേഷിയിലെ ഏറിയ പങ്കും ഡാമിന് സമീപത്ത് അടിഞ്ഞുകൂടിയ എക്കൽ ആണ് അപഹരിച്ചിട്ടുള്ളത്.
എന്നാൽ ഇവിടെ വർഷങ്ങളായി അടിഞ്ഞിട്ടുള്ള തടികളോ മണൽകുനകളോ മാറ്റാൻ ഇന്നും കഴിഞ്ഞിട്ടില്ല. ഡാമിലെ മണൽ ലേലം നടത്തി നൽകിയാൽ തന്നെ സർക്കാരിന് കോടിക്കണക്കിന് രൂപ ഖജനാവിൽ എത്തിക്കാം. ഒപ്പം നാട്ടിലെ മണൽ ക്ഷാമത്തിനും ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും. എന്നാൽ ഇത്തരം നടപടികളുമായി മുന്നോട്ടു പോകാൻ ആർജവമുള്ള ജനപ്രതിനിധികളുടെ അഭാവമാണ് പ്രശ്നം.