നീണ്ട 22 വര്‍ഷത്തിനു ശേഷം പെറ്റമ്മയെ കാണാന്‍ സ്പെയിനില്‍ നിന്നും മകളെത്തി. പൂനയിലായിരുന്നു ഈ അപൂര്‍വ സംഗമം. ഇപ്പോള്‍ 23 വയസുള്ള സീനത്ത് ഏലിയാസ് മിറയ്യ എന്ന യുവതിയാണ് തന്റെ പെറ്റമ്മയെ കാണാന്‍ 22 വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ എത്തിയത്.
സ്പെയിനില്‍ താമസിക്കുന്ന ദമ്പതികള്‍ കുട്ടിയായിരിക്കുമ്പോള്‍ സീനത്തിനെ ദത്തെടുക്കുകയായിരുന്നു. അമ്മയെ കണ്ടതും അവള് കെട്ടിപ്പിടിച്ചു കരഞ്ഞു. സമ്മാനങ്ങള്‍ നല്കി. സംരക്ഷിക്കാന്‍ കഴിയാത്തതില്‍ മാപ്പ് ചോദിച്ചു. വളരെ വികാരനിര്‍ഭരമായ നിമിഷങ്ങളായിരുന്നു അത്.
സ്പെയിന് സ്വദേശികളായ ആന്റിച് മാര്‍ടി റമോണ്‍, ഗാരിസ ഫോര്‍സ് എന്നിവരാണ് സീനത്തിനെ 14 മാസമുള്ളപ്പോള്‍ ദത്തെടുത്ത് വളര്‍ത്തിയത്. ഒരു സന്നദ്ധ സേവന സംഘടനയില്‍ നിന്നുമാണ് സീനത്തിനെ അവര്‍ ദത്തെടുത്തത്.
10 വയസുള്ളപ്പോള്‍ സീനത്തിനെയും കൂട്ടി സ്പാനിഷ് ദമ്പതികള്‍ ഇന്ത്യയിലെത്തിയെങ്കിലും അവളുടെ അമ്മയെ കണ്ടെത്താനായിരുന്നില്ല. ഏഴാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസമാണ് സീനത്ത് നേടിയത്. പിന്നീട് സൈക്കോളജി പഠിച്ചു. ഒരു ഭക്ഷണശാലയില്‍ ജോലി നോക്കി. ഇന്ത്യയിലേക്ക് തിരികെ എത്താനുള്ള പണം കണ്ടെത്തി.
തിരികെ എത്തിയ സീനത്ത് അറിയുന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. പീഡനത്തിനിരയായ അമ്മയുടെ മകളാണ് താന്‍ എന്നാണ് സീനത്തിന് അറിയാന്‍ കഴിഞ്ഞത്. പിന്നീട് അമ്മയെ കണ്ടെത്താനുള്ള ശ്രമമായിരുന്നു.
അവസാനം കഴിഞ്ഞ ശനിയാഴ്ച അവള് അലീഫിയയെ, അവളുടെ പെറ്റമ്മയെ കണ്ടെത്തി. പക്ഷേ തമ്മില്‍ ഒന്നും സംസാരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. കാരണം അലീഫിയക്ക് ഹിന്ദിയും സീനത്തിന് സ്പാനിഷ് ഭാഷയും അല്പം ഇംഗ്ലീഷും മാത്രമേ വശമുള്ളു. പക്ഷേ ആ അമ്മ മകള്‍ക്ക് ഒരു സമ്മാനം നല്കി. ഒരു ജോഡി കമ്മല്‍.
തന്റെ കഥ അലിഫിയ പറയുന്നതിങ്ങനെ ”എനിക്ക് 21 വയസുള്ളപ്പോഴാണ് ബന്ധുവില്‍ നിന്നും നിരന്തരം ലൈംഗിക പീഡനം ഏല്‍ക്കേണ്ടിവന്നത്. അവസാനം ഞാന്‍ ഗര്‍ഭിണിയായി. അതോടെ അയാളും എന്റെ കുടുംബവും എന്നെ ഒറ്റപ്പെടുത്തി. കുട്ടി ഉണ്ടായി. അതിനെ ഉപേക്ഷിക്കാന്‍ എനിക്ക് ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല.
പക്ഷേ അവിവാഹിതയായ ഞാന്‍ എങ്ങനെ അതിനെ വളര്‍ത്തും. വീട്ടുജോലി എടുത്താണ് ഞാന്‍ ജീവിതം മുന്നേട്ട് കൊണ്ടുപോയത്. അവളെങ്കിലും സുഖമായി ജീവിക്കട്ടെ എന്നു കരുതായാണ് ദത്ത് നല്കാന് തയാറായത്. സീനത്തിനായി ദിവസവും പ്രാര്‍ത്ഥിക്കുമായിരുന്നു’.
ഇതാണ് അലീഫിയയുടെ വാക്കുകള്‍. ‘അമ്മയെ കണ്ടതില്‍ സന്തോഷിക്കുന്നു. ഇപ്പോള്‍ തിരികെ പോകുന്നു. പക്ഷേ ഒരു വര്‍ഷത്തിന് ശേഷം തിരിച്ചു വരും, ഹിന്ദി പഠിക്കും.” സീനത്ത് പറയുന്നു. എന്തായാലും കാലത്തിന്റെ കാവ്യനീതി എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ…