തൃശൂർ: സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ ഒരു സംഘമാളുകൾ വാഹനം തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ചെറുത്തുനിൽപ്പിനൊടുവിൽ രക്ഷപ്പെട്ട യുവതി പൊലീസ് സ്റ്റേഷനിൽ അഭയംതേടി.
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ തൃശൂർ കുന്നംകുളം ആനായ്ക്കലിലാണ് നഗരത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കാണിപ്പയ്യൂർ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിക്കു നേരെയായിരുന്നു ആക്രമണം. സഹോദരീപുത്രനെ ബസ്റ്റോപ്പിൽ കൊണ്ടുവിട്ട് തിരിച്ചു വരുന്നവഴി മൂന്നംഗ സംഘം ഇവരുടെ സ്കൂട്ടറിന് മുന്നിൽ നിന്നു കൈകാണിച്ചു.
മഴക്കാലമായതിനാൽ റോഡിൽ മരംവീഴുകയോ മറ്റോ സംഭവിച്ചിരിക്കാമെന്നു കരുതിയാണ് സ്കൂട്ടർ നിർത്തിയത്. എന്നാൽ വണ്ടി നിർത്തിയതോടെ മദ്യ ലഹരിയിലായിരുന്ന സംഘം യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. ബഹളംവച്ച യുവതിയുടെ വായ് പൊത്തി ബലമായി വണ്ടിയിൽനിന്ന് ഇറക്കി പീഡിപ്പിക്കാൻ ശ്രമംനടത്തി.
മദ്യ ലഹരിയിൽ കാലുറയ്ക്കാതെയായിരുന്നു സംഘമെന്നു പറയുന്നു. കുതറിമാറി വാഹനവുമെടുത്ത് വീട്ടിലെത്തിയ യുവതി ബന്ധുക്കളെ വിവരമറിയിക്കുകയും സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.