കൊച്ചി: വിനോദ സഞ്ചാരികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘങ്ങൾ പാക്കേജ് ട്രിപ്പുകൾ ഓടുന്ന ചില ഡ്രൈവർമാരുമായി ഒത്തുച്ചേർന്നു പ്രവർത്തിക്കുന്നതായി പോലീസ്. വിനോദ സഞ്ചാരികൾക്കിടയിൽ വിൽപനയ്ക്കെത്തിച്ച മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിലായതോടെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പോലീസിനു ലഭിച്ചത്.
തൃശൂർ പൂങ്കുന്നം സ്വദേശികളായ ഗോകുൽ (25), രാഹുൽ (22) എന്നിവരെയാണു കടവന്ത്ര സ്റ്റേഷൻ പരിധിയിൽനിന്നു ഇന്നലെ പിടിയിലായത്. വിനോദ സഞ്ചാരികളുമായി പാക്കേജ് ട്രിപ്പുകൾ ഓടുന്ന ഡ്രൈവരുമായി ഒത്തുചേർന്നായിരുന്നു പ്രതികൾ ലഹരിമരുന്നുകൾ കൈമാറ്റം ചെയ്തിരുന്നതെന്നു പോലീസ് പറഞ്ഞു.
ഗോവയിൽ നിന്നും എത്തിക്കുന്ന എംഡിഎംഎ മൂന്ന് ഗ്രാമിന് 10,000 രൂപയും കഞ്ചാവ് പാക്കറ്റിന് 1,500 രൂപയായിരുന്നു ഈടാക്കിയിരുന്നത്. വിനോദ സഞ്ചാര മേഖലയിലെ ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതായ വിവരങ്ങളെത്തുടർന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിന്റെ നിർദേശ പ്രകാരം ഷാഡോ പോലീസ് നഗരത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.
പശ്ച്ചിമ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പ്രതികളെ ചോദ്യം ചെയ്തതിൽനിന്നുമാണു വിനോദ സഞ്ചാരികളുമായി പാക്കേജ് ട്രിപ്പുകൾ ഓടുന്ന ചില ഡ്രൈവർമാർക്ക് പങ്കുള്ളതായി പോലീസ് കണ്ടെത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിന്റ നേതൃത്വത്തിൽ ഷാഡോ എസ്ഐ എ.ബി. വിബിൻ, കടവന്ത്ര എസ്ഐ വിജേഷ്, ഷാഡോ പോലീസുകാർ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.