ജയ്സണ് ജോയ്
ആലപ്പുഴ: രണ്ടുദിവസത്തെ വിശ്രമമില്ലാത്ത പരിശ്രമം. ഏറ്റുമാനൂരിന്റെ സുമനസുകൾ കുട്ടനാടിനായി സമാഹരിച്ചത് ലക്ഷങ്ങളുടെ സാധനസാമഗ്രികൾ. ഏറ്റുമാനൂരുകാർ കുട്ടനാടിനായി മനസറിഞ്ഞു സഹായിച്ചപ്പോൾ ആശ്വാസമായത് കൈനകരി അറുനൂറ്റാംപാടം, കുട്ടമംഗലം പ്രദേശങ്ങളിലെ 1200 ഓളം കുടുംബങ്ങൾക്കാണ്.
പലവ്യഞ്ജനങ്ങളും അരിയും കുട്ടികൾക്കും പ്രായമായവർക്കും വേണ്ടി പോഷകാഹാരവും നിറച്ച ലോറി ഏറ്റുമാനൂരിൽ നിന്നും പുറപ്പെടുന്നതറിഞ്ഞു റോട്ടറി ക്ലബും സഹായവുമായി എത്തി.
150 കെയ്സ് കുപ്പിവെള്ളം ഇവർ സംഭാവനയായി നൽകി. ഇത് കുട്ടനാട്ടിൽ കുടിവെള്ളം കിട്ടാക്കനിയായി മാറിയ കുട്ടമംഗലത്തെ 700 ഓളം കുടുംബങ്ങളുടെ ദാഹമകറ്റും. കൈനകരി അറുനൂറ്റംപാടം സേക്രഡ്് ഹാർട്ട്, കുട്ടമംഗലം സെന്റ് ജോസഫ് പള്ളികളിലെ വികാരിയായ ഫാ. മാർട്ടിൻ കുരിശിങ്കലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത്.
പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഏറ്റുമാനൂരുകാരായ ഒരുപറ്റം ആളുകൾ സഹായ സന്നദ്ധത അറിയിച്ചു അച്ചനെ സമീപിക്കുകയായിരുന്നു.
അച്ചന്റെ സമ്മതം ലഭിച്ചതോടുകൂടി സഹായത്തിനായി കൈനീട്ടിയ ഇവർക്കു മുന്നിൽ ഏറ്റുമാനൂരിലെ വ്യാപാരികളും സഹായ മനസ്കരും കൈയയച്ചു സഹായിച്ചു. പരിശ്രമത്തിന്റെ ഫലമായി മൂന്നുലക്ഷത്തിൽപരം രൂപയുടെ സാധനസാമഗ്രഹികളാണ് ഇവർ സമാഹരിച്ചത്.
സാധനങ്ങൾനിറച്ച ലോറി ഇന്നലെ ഉച്ചയോടെ ചുങ്കം കടവിൽ എത്തിച്ചു. വാഹനം കാത്ത് വള്ളവുമായി കടവിൽ ഉണ്ടായിരുന്ന മാർട്ടിനച്ചനും കൈനകരി സ്വദേശികളും ചേർന്നു സാധനങ്ങൾ ഏറ്റുവാങ്ങി.
അരി, പയർ, സവാള, ഉള്ളി, കിഴങ്ങ്, ഉപ്പ്, മുളക്, വെളിച്ചെണ്ണ, പാൽപ്പൊടി, ഓട്സ്, ബിസ്കറ്റ്, ബ്രെഡ്, കുടിവെള്ളം തുടങ്ങിയവയാണ് എത്തിച്ചു നൽകിയത്. ഫാ. മാർട്ടിൻ കുരിശിങ്കലിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയ സാധനങ്ങൾ ചെറിയ പായ്ക്കറ്റുകളിലാക്കി അറുനൂറ്റാംപാടത്തെയും കുട്ടമംഗലത്തെയും പ്രദേശത്തെ 1200 ഓളംവരുന്ന ആളുകൾക്ക് ജാതിമത ഭേദമന്യേ എത്തിച്ചു നൽകും.
സഹായങ്ങൾ എല്ലാവർക്കും ലഭിക്കുന്നില്ലെന്നതു ഒഴിവാക്കാൻ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിൽ ഓരോ ഏരിയകളും വിശദവിവരം ശേഖരിച്ച കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ചാകും വിതരണം ചെയ്യുക. 1200 ഓളം കുടുംബങ്ങൾ പാർക്കുന്ന ഇവിടെ നിലവിൽ ഒരു ദുരിതാശ്വാസ ക്യാന്പും തുറന്നിട്ടില്ല. പ്രദേശങ്ങളിലെ വെള്ളം കയറാത്ത ഉയർന്ന പ്രദേശങ്ങളിലും പാലങ്ങളിലുമാണ് കുടുംബങ്ങൾ കഴിയുന്നത്.