കരുനാഗപ്പള്ളി: ഏഴു വയസുകാരിയെ ചട്ടുകം പഴുപ്പിച്ചു തുടയും ഗുഹ്യഭാഗങ്ങളും പൊളള്ളലേൽപ്പിച്ച സംഭവത്തിൽ രണ്ടാനമ്മയേയും കുട്ടിയുടെ പിതാവിനെയും ഇന്ന് കരുനാഗപ്പള്ളി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് കരുനാഗപ്പള്ളി സിഐ മുഹമ്മദ് ഷാഫി പറഞ്ഞു. പതാരം കിടങ്ങയം ചെപ്പള്ളിൽ തെക്കതിൽ അനിഷിന്റെ മകളാണ് കൊടും ക്രൂരതയ്ക്കിരയായത്.
തഴവ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാഥിനിയാണ്. ഒരാഴ്ചയായി കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. അധ്യാപകർ വീട്ടിലേക്ക് വിളിച്ച് വിവരം തിരക്കിയപ്പോൾ പനിയാണെന്നാണ് മറുപടി നൽകിയിരുന്നത്. ചൊവാഴ്ച കുട്ടി സ്കൂളിൽ എത്തി. ക്ലാസ് തുടങ്ങി കഴിഞ്ഞപ്പോൾ കുട്ടിക്ക് അസ്വസ്ഥത അനുഭവപെടുന്നതായി ക്ലാസ് ടീച്ചർക്ക് തോന്നി.
വിവരം തിരക്കിയപ്പോൾ രണ്ടാനമ്മയുടെ ക്രൂരത ക്ലാസ് ടീച്ചറോട് പറഞ്ഞു. രാത്രി ഉറങ്ങുമ്പോൾ കിടന്ന് മൂത്രമൊഴിക്കുന്നതു കൊണ്ടാണ് ചട്ടുകം കാച്ചി പൊള്ളലേൽപിച്ചതെന്ന് കുട്ടി പറഞ്ഞു. പ്രധാന അധ്യാപിക ശോഭനകുമാരി പോലീസിനെയും ചൈൽഡ് ലൈൻ പ്രവർത്തകരേയും വിവരം അറിയിച്ചു.
സംഭവം പുറത്തായതോടെ സ്കൂൾ പരിസരത്ത് നാട്ടുകാർ തടിച്ചു കൂടി.തന്ത്രപൂർവം ഇതിനിടെ പിതാവ് അനീഷിനെ സ്കുളിലേക്ക് വിളിച്ചു വരുത്തി. ഇതിനിടെ അനീഷിനെ ചിലർ കൈകാര്യം ചെയ്യുകയും ബൈക്ക് തല്ലിതകർക്കുകയും ചെയ്തു.
സ്കൂളിൽ എത്തിയ പോലിസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. അരക്ക് താഴ്ഭാഗം പൊള്ളലേറ്റ കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.