‘ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാഭരണകൂടം ബയോ ടോയ്ലറ്റ് ഏർപ്പെടുത്തിയതായി കളക്ടർ എസ്. സുഹാസ് പറഞ്ഞു. കൂടുതൽ വെള്ളക്കെട്ടുള്ള ഇടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ബയോ ടോയ്ലറ്റുകൾ നൽകും.
വേണ്ട സ്ഥലങ്ങളിൽ ഫ്ളോട്ടിംഗ് ടോയ്ലറ്റുകളും ഏർപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. വെള്ളം ഉയർന്നതിനെത്തുടർന്ന് പ്രാഥമിക ആവശ്യങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്ന ഭാഗങ്ങളിലാണ് പ്രാധാന്യമനുസരിച്ച് ഇത്തരം താത്കാലിക ശൗചാലയങ്ങൾ നൽകുക. കഴിഞ്ഞ ദിവസം ലഭിച്ച രണ്ടുലോഡ് കുപ്പിവെള്ളം എൻഡിആർഎഫ്, നേവി എന്നിവയുടെ സഹായത്തോടുകൂടി ഇന്നലെ കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചിട്ടുണ്ട്.
ബോട്ടിലും ലോറിയിലും ആയാണ് കുപ്പിവെള്ളം എത്തിച്ചത്. ഇതു സ്പോണ്സർഷിപ്പുകൾ ലഭിച്ചതാണ്. ആൾ കേരള വീൽചെയർ യൂസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊണ്ടുവന്ന 100 പാക്കറ്റ് ബ്രഡ,് 25 പാക്കറ്റ് ബണ്ണ്, 500 ലിറ്റർ വെള്ളം എന്നിവ അത്യാവശ്യ ഇടങ്ങളിലേക്കു നൽകിയിട്ടുണ്ട്. 20 പാക്കറ്റ് വളം കടിക്കുള്ള മരുന്നും ഇവർ സ്പോണ്സർ ചെയ്തിരുന്നു. ഇതു കുട്ടനാട്ടിലെയും വീയപുരത്തെയും വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിക്കാനായി കാർത്തികപ്പള്ളി തഹസിൽദാർക്കു കൈമാറിയിട്ടുണ്ട്.
അന്പലപ്പുഴ താലൂക്കിൽ 130 ക്യാന്പുകളിലായി 8003 കുടുംബങ്ങൾ ഉണ്ട്. ചേർത്തല താലൂക്കിൽ 10 ക്യാന്പുകളിലായി 521 കുടുംബവും കാർത്തികപ്പള്ളി താലൂക്കിൽ 77 ക്യാന്പുകളിലായി 6,088 കുടുംബങ്ങളും മാവേലിക്കര താലൂക്കിൽ 9 ക്യാന്പുകളിലായി 448 കുടുംബങ്ങളും കുട്ടനാട് താലൂക്കിൽ 15 ക്യാന്പുകളിലായി 172 കുടുംബങ്ങളും ചെങ്ങന്നൂരിൽ 29 ക്യാന്പുകളിലായി 1367 കുടുംബങ്ങളും ഉണ്ട്. ആകെ 270 ക്യാന്പുകളിൽ 16 599 കുടുംബങ്ങളാണുള്ളത് .
68,597 പേർ ക്യാന്പുകളിൽ വസിക്കുന്നുണ്ട്. ഇതിന് പുറമേ കുട്ടനാട്ടിൽ 464 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളെ 29161 കുടുംബങ്ങൾ ഭക്ഷണത്തിനായി ആശ്രയിക്കുന്നുണ്ട്. ഏകദേശം 1,15,465 പേർ കുട്ടനാട്ടിൽ കഞ്ഞിവെപ്പ് കേന്ദ്രങ്ങളെ ആശ്രയിക്കുന്നു. ചെങ്ങന്നൂരിൽ 30 കേന്ദ്രങ്ങളിലായി 5268 പേർ ഗ്രുവൽ സെന്ററുകളിൽ ഭക്ഷണത്തിനു എത്തുന്നു. സർക്കാർ മികച്ച ഭക്ഷണം, പ്രാഥമിക ചികിത്സാ സൗകര്യം, പാചകവാതക സിലിണ്ടർ, കുടിവെള്ളം എന്നിവ കൃത്യമായി ക്യാന്പുകളിൽ എത്തിക്കുന്നുണ്ട്.