തിരുവനന്തപുരം: ’മകന്റെ അടുത്തെത്തുന്പോൾ ഇനി എനിക്ക് അവനോടു പറയാം, മോനേ..നിന്നെ പച്ചക്കു തിന്നവരെ ഞാൻ നിയമത്തിന്റെ അഴിക്കുള്ളിലാക്കി’ആ അമ്മയുടെ വാക്കുകൾ കണ്ണീർപ്പുഴയായി ഒഴുകി. വർഷങ്ങൾ നീണ്ട ഹൃദയവേദനയും വിലാപവും സാരിത്തുന്പു കൊണ്ടു തുടച്ചു. കാക്കിയിട്ട കൊലയാളികൾ അപ്പോൾ കോടതി മുറിക്കുള്ളിൽ തലകുനിച്ചു നിൽക്കുകയായിരുന്നിരിക്കാം.
സത്യത്തിന്റെ വിജയത്തിനൊപ്പം, മകൻ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന പോലീസുകാർക്കെതിരേ പതിമൂന്നു വർഷമായി പോരാട്ടം നടത്തിയ പ്രഭാവതിയമ്മയുടെ വിജയം കൂടിയായിരുന്നു അത്.
2005 ലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന സെപ്തംബർ 27 നു രാത്രിയിലാണ് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ്കുമാറിനെയും ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആക്രിക്കടയിലെ ചുമട്ടു തൊഴിലാളിയായിരുന്ന ഉദയകുമാർ ബോണസായി കിട്ടിയ പണവുമായി അമ്മയ്ക്കും തനിക്കും ഓണക്കോടി വാങ്ങാനിറങ്ങിയതായിരുന്നു. പക്ഷേ ആ പണം കളവുമുതലായി പോലീസ് വ്യാഖ്യാനിച്ചു. പിന്നാലെ കൊടിയ മർദനവും.
മർദനത്തെത്തുടർന്നു രാത്രി പത്തരയോടെ ഉദയകുമാർ മരിച്ചു. ദേഹാസ്വാസ്ഥ്യംമൂലം കുഴഞ്ഞുവീണതാണെന്നു പറഞ്ഞാണ് ഉദയകുമാറിന്റെ അനക്കമറ്റ ശരീരം പോലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ആശുപത്രിയിൽ എത്തും ഉദയകുമാർ മരിച്ചതായി പിന്നീട് വ്യക്തമായി.
ഓണക്കോടി വാങ്ങാൻ പോയ മകന് അത്താഴമൊരുക്കി കാത്തിരുന്ന പ്രഭാവതിയമ്മ, പിന്നീട് തന്റെ മകനെ കണ്ടത് മോർച്ചറി തണുപ്പിൽ വെള്ള പുതച്ചു കിടക്കുന്ന നിലയിലാണ്. ഇന്നും ആ അമ്മയുടെ കണ്ണുകളിലുണ്ട് ആ കാഴ്ച.
കൊടിയ മർദനത്തിൽ അന്ത്യശ്വാസം വലിക്കുന്പോൾ അവന്റെ ചുണ്ടുകളിൽ ഉറഞ്ഞു പോയ ’അമ്മേ’ എന്ന വിളി കഴിഞ്ഞ പതിമൂന്നു വർഷമായി ആ അമ്മയുടെ ഉറക്കങ്ങളിൽ നിലവിളിയായി നിറയുന്നുണ്ട്. അവന്റെ ഒന്നര വയസു മുതൽ അവന് അമ്മയും അമ്മയ്ക്ക് അവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഉദയകുമാറിനെ ഉരുട്ടിക്കൊന്നതാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്തോ ഉപകരണം ഉപയോഗിച്ച് ഉരുട്ടിയതു മൂലമുള്ള മുറിവുകളാണ് ഇരുതുടകളിലും കാണപ്പെട്ടതെന്നും, ഈ മുറിവുകളും മർദനത്തിന്റെ ആഘാതവുമാണു മരണകാരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് പൊലീസ് കോണ്സ്റ്റബിൾമാർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു.
പക്ഷേ കേസ് കോടതിയിലെത്തിയപ്പോൾ ഉദയകുമാറിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷേകുമാർ കൂറുമാറി. അനവധി തവണ പ്രഭാവതിയമ്മയെ സ്വാധീനിക്കാൻ ശ്രമമുണ്ടായി. അതിലേറെ തവണ ഭീഷണിപ്പെടുത്തലുകളുണ്ടായി.
എന്നിട്ടും ആ അമ്മ പിൻവാങ്ങിയില്ല. നിയമപോരാട്ടം തുടർന്നു. ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സത്യം തെളിയിക്കാൻ പിന്നീട് സിബിഐ അന്വേഷണം വേണ്ടിവന്നു. അതിനിടയിൽ കേസ് അട്ടിമറിക്കാതിരിക്കാൻ പലതവണ കോടതിയെ സമീപിച്ചു.
ഒടുവിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിക്കേണ്ടി വന്നു ഈ അമ്മയ്ക്ക്. ഹൈക്കോടതി കേസ് സിബിഐയെ ഏൽപ്പിച്ചു. സിബിഐ നടത്തിയ അന്വേഷണത്തിൽ ഉദയകുമാറിനെ കൊലപ്പെടുത്തിയതായും തെളിവുകൾ നശിപ്പിച്ചതായും കണ്ടെത്തി. ഒടുവിൽ 13 വർഷത്തിനുശേഷം പ്രഭാവതിയമ്മയ്ക്ക് അനുകൂലമായി കോടതി വിധിപറയുകയായിരുന്നു.
ഉദയകുമാർ കൊല്ലപ്പെട്ടതിനു ശേഷം നെടുങ്കാട് സർക്കാർ നിർമിച്ചു നൽകിയ വീട്ടിൽ സഹോദരൻ മോഹനന്റെയൊപ്പമാണ് പ്രഭാവതിയമ്മ ഇപ്പോൾ താമസിക്കുന്നത്. പക്ഷേ, തന്റെ മകനില്ലാതെ എന്തുണ്ടായിട്ടെന്താണെന്നും ഇനിയൊരമ്മയ്ക്കും ഈ ഗതിയുണ്ടാവരുതെന്നും കോടതി വിധി കേട്ട ശേഷം നിറകണ്ണുകളോടെ മാധ്യമങ്ങളോടു പറയുന്പോൾ, അതു കേട്ട് നിശബ്ദമായി നിൽക്കാനേ കേരളത്തിന്റെ മനസാക്ഷിക്കു കഴിയൂ.