ലക്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തെയും യോഗി ആദിത്യ നാഥിൻറെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണത്തെയും രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുകയാണ് ബിജെപിയെന്ന് അഖിലേഷ് കുറ്റപ്പെടുത്തി.
മതങ്ങളെയും വിശ്വാസികളെയുമാണ് ഇവർ ലക്ഷ്യം വയ്ക്കുന്നതെന്നു പറഞ്ഞ അഖിലേഷ് ബിജെപി രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്കു തന്നെ ഭീഷണിയായി മാറിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ഭരണകൂടത്തിന്റെ ഭാഗത്തുണ്ടാകുന്ന പോരായ്മകൾ ചൂണ്ടിക്കാണിക്കാനുള്ള ജനങ്ങളുടെ അടിസ്ഥാന അവകാശം പോലും ഹനിക്കപ്പെടുകയാണ്.
ഇനി ആരെങ്കിലും അത്തരത്തിൽ ഭരണകർത്താക്കളുടെ ശ്രദ്ധ ക്ഷണിച്ചാൽ പിന്നീട് ആക്രമണം അവർക്ക് നേരെയായിരിക്കും. സമൂഹമാധ്യമങ്ങളിലൂടെയടക്കം അവരെ ബജെപിക്കാർ കടന്നാക്രമിക്കുമെന്നും അഖിലേഷ് പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ തമ്മിലുള്ള ഐക്യം തകർക്കുകയും സാന്പത്തിക അരക്ഷിതാവസ്ഥ വളർത്തുകയുമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കുറ്റപ്പെടുത്തിയ അഖിലേഷ് രാഷ്ട്രീയത്തിന്റെ സുതാര്യതയും ജനാധിപത്യ മര്യാദകളും ബിജെപി ഭരണത്തിൻ കീഴിൽ തകർന്നടിയുകയാണെന്നും ചൂണ്ടിക്കാട്ടി. “പ്രധാനമന്ത്രിക്ക് അടിക്കടി വിദേശ യാത്രകൾ നടത്തുന്നത് മാത്രമാണ് താത്പര്യം.
50ലേറെ രാജ്യങ്ങൾ സന്ദർശിച്ചെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. പക്ഷേ ഇതുകൊണ്ട് രാജ്യത്തിനെന്ത് പ്രയോജനമാണ് ഉണ്ടായത്’ – അഖിലേഷ് ചോദിച്ചു.
തൊഴിലില്ലായ്മ, നാണ്യപ്പെരുപ്പം, കുറ്റകൃത്യങ്ങൾ എന്നിവ ബിജെപി ഭരണകൂടങ്ങൾക്ക് കീഴിൽ എണ്ണമറ്റ രീതിയിൽ വർധിച്ചുവെന്നും കേന്ദ്ര-സംസ്ഥാന ബിജെപി ഭരണത്തിൻ കീഴിൽ ക്രമസമാധാനം പൂർണമായും തകർന്നുവെന്നും കുറ്റപ്പെടുത്തിയാണ് അഖിലേഷ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.