കൊച്ചി: മകളുടെ മുന്നിലിട്ട് മാതാവിനെ കുത്തികൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയെ എട്ട് വയസുകാരിയായ മകളുടെ മുന്നിൽവെച്ച് കൊലപ്പെടുത്തിയ പള്ളുരുത്തി കടേഭാഗം വിളങ്ങാട്ടുപറന്പിൽ മധുവിനെയാണ് (38) എറണാകുളം അഡീഷനൽ സെഷൻസ്കോടതി ശിക്ഷിച്ചത്.
ഇലക്ട്രീഷ്യനായ മധുവിന് ജോലി ചെയ്ത പണം കൊല്ലപ്പെട്ട സിന്ധു നൽകാത്തതിലുള്ള വൈരാഗ്യത്താൽ വഴിയിൽ പതിയിരുന്നു കൊല നടത്തിയെന്നാണു കേസ്.2014 ഏപ്രിൽ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. ആളൊഴിഞ്ഞ കടേഭാഗം എസ്പി പുരം കോളനി കോണ്ക്രീറ്റ് റോഡിൽവച്ചാണ് സിന്ധു അക്രമിക്കപ്പെട്ടത്.
പിന്നിലൂടെ ഒളിച്ചെത്തിയ പ്രതി കത്തിയെടുത്ത് മുടിക്ക് കുത്തിപ്പിടിച്ച ശേഷം നെഞ്ചിലും കഴുത്തിലുമടക്കം കുത്തിവീഴ്ത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകളുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ മധു ബൈക്കിൽ രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ഓട്ടോറിക്ഷയിൽ കയറ്റി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴിയാണ് മരിച്ചത്.