പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് സൂപ്പിക്കട ഭാഗത്ത് കരിമ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതയിൽ. കൂടുതൽ വിദഗ്ധ പഠനത്തിനായി എന്റൊമോളജി വിഭാഗം ഇന്നു പരിശോധനയ്ക്കെത്തും. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂപ്പിക്കട സ്വദേശിയായ 42 കാരനിലാണ് കരിമ്പനി ലക്ഷണങ്ങളോടെയുള്ള പനി ശ്രദ്ധയില്‍ പെട്ടത്.
ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കരിമ്പനി സ്ഥിരീകരിക്കുകയും ചെയ്തു. കടുത്ത പനിയും കഴല തടിക്കല്‍, രക്തക്കുറവ്, ആന്തരികാവയവങ്ങള്‍ തടിക്കുന്നത് മൂലമുണ്ടാകുന്ന വയര്‍വീര്‍ക്കല്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഡിഎംഒ (മാസ്മീഡിയ) ഇസ്മയില്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് കുമാരന്, പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ. ആലി, ചങ്ങരോത്ത് മെഡിക്കല്‍ ഓഫീസര്‍ ബിജേഷ് ഭാസ്ക്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സ്റ്റാഫ് ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ മണലീച്ചയെ കണ്ടെത്താനായില്ല.
രോഗലക്ഷണം കണ്ട വ്യക്തിയുമായി ബന്ധപ്പെടുന്നവരില് നടത്തിയ പരിശോധനയില്‍ ആര്‍ക്കും പനി ലക്ഷണങ്ങളും കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. അതുകൊണ്ട് രക്തത്തിലൂടെ പകര്‍ന്നതാകാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. ഇയാള്‍ രണ്ടാഴ്ച മുമ്പ് മറ്റൊരസുഖത്തിന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് രണ്ട് യൂണിറ്റ് രക്തം കയറ്റിയിരുന്നു.
അതുവഴി രോഗാണു ശരീരത്തില്‍ പ്രവേശിച്ചതാകാമെന്നു കരുതുന്നു. മണലീച്ചകളുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടോയെന്നറിയുന്നതിനും പഠിക്കുന്നതിനുമായി സംസ്ഥാന എന്റൊമോളജി വകുപ്പിലെ വിദഗ്ധര്‍ സൂപ്പിക്കട സന്ദര്‍ശിക്കും. നിപ വൈറസ് ബാധമൂലം നാല് ജീവനുകര് ബലി നല്‍കേണ്ടി വന്ന ഈ മേഖയില്‍ പുതിയ രോഗത്തെയും ഭീതിയോടെയാണ് ജനങ്ങൾ കാണുന്നത്.