മലപ്പുറം: സ്ത്രീ സുരക്ഷയ്ക്ക് സ്വയംപ്രതിരോധത്തിന്റെ പാഠവുമായി മലപ്പുറം ജില്ലാ പോലീസിന്റെ ’സേഫ്റ്റിപിൻ’ ഹ്രസ്വചിത്രം ഒരുങ്ങുന്നു. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ പ്രതിരോധിക്കേണ്ടതെങ്ങനെയെന്നാണ് പത്തുമിനിറ്റ് ദൈർഘ്യമുള്ള ചിത്രം പറയുന്നത്.
ബസ് യാത്രയിലും രാത്രിയിൽ പൊതുസ്ഥലത്ത് ഒറ്റപ്പെടുന്പോഴും സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ, മദ്യപനായ കുടുംബനാഥൻ വീട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങൾ, മാലപൊട്ടിക്കൽ എന്നിവ ’സേഫ്റ്റിപിൻ’ ചർച്ച ചെയ്യുന്നു. സുരേഷ് ഇരിങ്ങല്ലൂരാണ് സംവിധാനം.
മലപ്പുറം പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ ഫിലിപ്പ് മന്പാടിന്േറതാണ് കഥയും തിരക്കഥയും. സ്റ്റേറ്റ് വിമൻസ് ഡിഫൻസ് ട്രെയിനിംഗ് ജില്ലാകേന്ദ്രത്തിലെ ട്രെയിനർമാരായ കെ.വത്സലയുടെയും സിനിമോളുടെയും നേതൃത്വത്തിലാണ് അഭിനേതാക്കൾക്കുള്ള പരിശീലനം.
സോന മധു, നിയമ വിദ്യാർഥിനി അനഘ ജോസഫ്, സിപിഒ സുബിന, ഡോളി ഫിലിപ്പ്, രൂപലക്ഷ്മി, അർജുൻ, ആസിഫ് അലി, അശ്വതികൃഷ്ണ, ആർജവ് ലാൽ, നിസ്വിൻ ഷിബു എന്നിവരാണ് അഭിനയിക്കുന്നത്. എഡിജിപി ബി.സന്ധ്യ, ഉമ ബഹ്റ, ഡോ.ശുഭ ഭട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ സ്വിച്ചോണ്‍ മലപ്പുറം എംഎംസി ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ നിർവഹിച്ചു. എംഎസ്പി അസി. കമാൻഡന്റ് ജെ.ഡാൽവിൻ സുരേഷ്, വനിതാ സെൽ സിഐ ഷെർലറ്റ് മാണി, ടി.എം.റീന എന്നിവരോടൊപ്പം അഭിനേതാക്കളും പിന്നണിപ്രവർത്തകരും പങ്കെടുത്തു. നാലുദിവസംകൊണ്ട് ചിത്രീകരണം പൂർത്തീകരിച്ച് 30ന് പ്രകാശനംചെയ്യും. തുടർന്ന് യു ട്യൂബിലും വാട്സാപിലും ലഭ്യമാക്കും.