തലശേരി: പെരിങ്ങത്തൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ രണ്ട് വയോധികരെ വെട്ടി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മുടങ്ങി. പ്രതി ഹാജരാകാത്തതിനെ തുടർന്നാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഇന്നലെ ആരംഭിക്കേണ്ട വിചാരണ മുടങ്ങിയത്.പ്രതിക്ക് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.കേസിൽ പ്രതിക്കു വേണ്ടി ഹാജരായ അഡ്വ.വി.ആർ.നാസർ കേസിൽ നിന്നും പിന്മാറി.
2007 മാർച്ച് 11ന് പുലർച്ചെ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുക്കിൽ പീടിക മൊയിലോത്ത് താഴെ കുനിയിൽ നമ്പീസു (68), സഹോദരി ആമിന (72) എന്നിവരാണ് കൊല്ലപ്പെട്ടത്. മുക്കിൽ പി.കെ പുതിയ വീട്ടിൽ ഷൗക്കത്താണ് (42) കേസിലെ പ്രതി. ഇരുനില വീട്ടിലെ താഴത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഇരുവരേയും സ്വർണാഭരണങ്ങൾ കവരുന്നതിനായി പ്രതി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
കൊല്ലപ്പെട്ട നബീസുവിന്റെ ദേഹത്ത് എട്ട് മുറിവുകളും ആമിനയുടെ ദേഹത്ത് 20 മുറിവുകളൂം ഏറ്റിരുന്നു. ഒരാളുടെ ചെവി അറുത്തുമാറ്റപ്പെട്ട നിലയിലായിരുന്നു. പാനൂർ സിഐയായിരുന്ന ജയൻ ഡൊമിനിക്കാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രതികവർന്ന 14 പവൻ സ്വർണാഭരണങ്ങൾ നാദാപുരത്തെ രണ്ട് ജ്വല്ലറികളിൽ നിന്നായി പോലീസ് കണ്ടെടുത്തിരുന്നു. വീട്ടിൽ അതിക്രമിച്ചുകടന്നതിന് 449 വകുപ്പ് പ്രകാരവും കവർച്ചയ്ക്കായി ദേഹത്ത് മുറിവേൽപ്പിച്ചതിനും 392 വകുപ്പ് പ്രകാരവും കൊലപാതകത്തിന് 302 വകുപ്പ് പ്രകാരവുമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. റിയാസ്, നസീമ എന്നീ സാക്ഷികളെയാണ് ഇന്നലെ വിസ്തരിക്കേണ്ടിയിരുന്നത്.