സമൂഹമാധ്യമങ്ങൾ സാധാരണക്കാർക്ക് ചെറുതും വലുതുമായ കാര്യമാണ്. ചിലർ പോസ്റ്റിടും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കും, ചിത്രങ്ങൾ പങ്കുവയ്ക്കും. എന്നാൽ, നടീനടന്മാർ, മോഡലുകൾ, കായിക താരങ്ങൾ തുടങ്ങിയവർക്ക് അത് അതുക്കുംമേലെയാണ്. അതുകൊണ്ടുതന്നെ അവരുടെ ഓരോ പോസ്റ്റിനും ലഭിക്കുന്നത് കോടാനുകോടികളും. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിനുള്ള പ്രതിഫലം കേട്ടാൽ അതിശയോക്തിയായി തോന്നിയേക്കാം. 82.5 ലക്ഷം രൂപയാണ് കോഹ്ലിയുടെ ഒരു പോസ്റ്റിനു ലഭിക്കുന്ന പ്രതിഫലം.
ഇൻസ്റ്റഗ്രാം ഷെഡ്യൂളർ ഹോപ്പർ എച്ച്ക്യു 2018ൽ ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവും അധികം സന്പത്തുണ്ടാക്കുന്നവരുടെ പട്ടിക പുറത്തുവിട്ടു. അതിൽ ലോകത്തിൽ 17-ാം സ്ഥാനത്താണ് വിരാട് കോഹ്ലി. കായിക താരങ്ങളുടെ പട്ടികയെടുത്താൽ ഒന്‍പതാം സ്ഥാനത്തും.
ക്രിക്കറ്റ് താങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ. അമേരിക്കൻ ബോക്സിംഗ് താരം ഫ്ളോയിഡ് മെയ്വെതറിനേക്കാളും മുന്നിലാണ് ഇക്കാര്യത്തിൽ വിരാട്. ലോകത്തിൽ ഏറ്റവും അധികം വാർഷിക പ്രതിഫലം നേടുന്ന കായിക താരമാണ് മെയ്വെതറെന്നത് ഇതിനോടു ചേർത്തുവായിക്കണം (മെയ്വെതറിന്റെ വാർഷിക ശന്പളം 1,897 കോടി രൂപയാണ്)
താരങ്ങളെ ഫോളോ ചെയ്യുന്നവരുടെ എണ്ണം, അവരുടെ ഓരോ പോസ്റ്റിലും ഫോളവേഴ്സ് നടത്തുന്ന പ്രതികരണങ്ങൾ, വ്യൂവർഷിപ്പ് തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഇൻസ്റ്റഗ്രാമിൽനിന്ന് പ്രതിഫലം ലഭിക്കുക. വന്പൻ കന്പനികളുടെ സാധനങ്ങൾ വാങ്ങാൻ താരങ്ങൾ അവരുടെ ആരാധകരെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതും ഇവരുടെ പ്രതിഫലത്തിൽ വർധനയുണ്ടാക്കുന്നു.
അമേരിക്കൻ ടെലിവിഷൻ താരവും മോഡലുമായ കൈലി ജെന്നറാണ് ഇൻസ്റ്റഗ്രാമിലൂടെ പണമുണ്ടാക്കുന്നതിൽ ഒന്നാം സ്ഥാനത്ത്. 6.87 കോടി രൂപയാണ് (പത്ത് ലക്ഷം ഡോളർ) ജെന്നർ തന്റെ ഓരോ ചിത്രം പോസ്റ്റ് ചെയ്യുന്നതിലൂടെയും നേടുന്നത്. അമേരിക്കൻ ഗായികയായ സെലീന ഗോമസാണ് പട്ടികയിൽ രണ്ടാമതുള്ളത്. 5.49 കോടി രൂപയാണ് സെലീനയ്ക്കു ലഭിക്കുന്നത്. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
5.15 കോടി രൂപയാണ് റൊണാൾഡോയ്ക്ക് ലഭിക്കുന്നത്. കായിക താരങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളതും റൊണാൾഡോ തന്നെ. ആദ്യപത്ത് സ്ഥാനങ്ങളിൽ ഉള്ളത് ബ്രസീലിന്റെ നെയ്മറും (4.12 കോടി രൂപ), അർജന്റീനയുടെ ലയണൽ മെസിയുമാണ് (3.43 കോടി രൂപ). എട്ടും ഒന്‍പതും സ്ഥാനങ്ങളിലാണ് ഇവർ.
അമേരിക്കൻ ടെലിവിഷൻ താരവും മോഡലുമായ കിം കർദാഷ്യാൻ, അമേരിക്കൻ ഗായിക ബിയോണ്‍സ്, ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോണ്സണ്, കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീവർ തുടങ്ങിയവരാണ് യഥാക്രമം നാലു മുതൽ ഏഴു വരെ സ്ഥാനങ്ങളിൽ.