കുര്യൻ കുമരകം
കുമരകം: ഒന്നല്ല, രണ്ടു മഹാപ്രളയങ്ങളുടെ സാക്ഷിയാണ് ഫിലിപ്പ്. രണ്ടു പ്രളയങ്ങളും കുമരകത്തെ വിഴുങ്ങിയതിന്റെ ഓർമകളാണ് ഈ 104 വയസുകാരനു പറയാനുള്ളത്.കൊല്ലവർഷം 1099ൽ അതായത് 94 വർഷം മുൻപ് ഇംഗ്ലീഷ് വർഷം 1924 ജൂലൈയിൽ ഇപ്പോഴത്തേതിനേക്കാൾ വലിയൊരു വെള്ളപ്പൊക്കം കുട്ടനാട്ടിൽ ദുരിതം വിതച്ചിരുന്നു.
അന്നത്തെ വെള്ളപ്പൊക്കത്തിന്റെ ഓർമയ്ക്കായി രചിച്ച ഓട്ടൻതുള്ളൽ പുസ്തകത്തിലെ വരികൾ അയവിറക്കി ഇപ്പോഴത്തെ പ്രളയത്തെ കണ്ടിരിക്കുകയാണ് നാടിന്റെ മുത്തച്ഛനായ കുമരകം പരുവക്കൽ ഇള്ളപ്പനെന്ന ഒ.ജെ. ഫിലിപ്പ്. കേൾവിക്കുറവുണ്ടെങ്കിലും ഓർമകൾക്കു മങ്ങലില്ല. സംസാരത്തിനു സ്ഥുടത.
ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളാകെ വെള്ളത്തിലാക്കിയ 1924ലെ വെള്ളപ്പൊക്കമുണ്ടായപ്പോൾ ഇള്ളപ്പന് 10 വയസ്. 1914 മാർച്ച് 17നാണ് ഇള്ളപ്പന്റെ ജനനം. 1099 മിഥുനം 31ന് ഉച്ചയോടെ മാനം കറുത്ത് പെരുമഴ തുടങ്ങുന്പോൾ ഇള്ളപ്പൻ വള്ളാറ പള്ളിവക സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. തുന്പിക്കൈവണ്ണത്തിൽ പെയ്യുന്ന മഴയ്ക്കൊപ്പം ഭയപ്പെടുത്തുന്ന ഇടിയും മിന്നലും.
ഹെഡ്മാസ്റ്റർ നടുവിലേപ്പറന്പിൽ എം.വി. സൈമണ് സാർ മണി മൂന്നായപ്പോഴേ സ്കൂൾ മണിയടിച്ചു. അപ്പോഴേക്കും സ്കൂൾ മുറ്റത്തിനു സമീപമായി ഒഴുകുന്ന കോട്ടത്തോട്ടിൽനിന്നും വെള്ളം ഇരച്ചു വഴിയിൽ കയറിത്തുടങ്ങിയിരുന്നു. വെള്ളം ആർത്തുകയറിയതോടെ വള്ളത്തിലാണു വീട്ടിലെത്താനായത്. രാത്രിയോടെ ജലനിരപ്പ് കുത്തനെ ഉയർന്നുകൊണ്ടിരുന്നു.
ഉറങ്ങാതിരുന്ന ദുരിത രാത്രി. പുലർച്ചെ രണ്ടോടെ അയൽപക്കങ്ങളിൽനിന്നു കൂവലും ബഹളവും. അയൽവാസിയായ തെങ്ങുകയറ്റ തൊഴിലാളി നീന്തിക്കയറി ഇള്ളപ്പന്റെ വീട്ടിലേക്കു വന്നു. അയാളുടെ ഭാര്യക്ക് കലശലായ പ്രസവവേദന.
റോഡും ബസും ഒന്നും ഇല്ലാത്ത കാലം. പാടശേഖരങ്ങളുടെ പുറം ബണ്ടുകളിലൂടെ നടന്നായിരുന്നു അക്കാലത്തു കോട്ടയം പട്ടണത്തിലെത്തിയിരുന്നത്. വീട്ടിലെ രണ്ട് വള്ളങ്ങളിലൊന്ന് തെങ്ങുകയറ്റ തൊഴിലാളിക്കു നൽകി. ഈ വള്ളത്തിലാണ് അയാളുടെ ഭാര്യ കുഞ്ഞിന് ജന്മം നൽകിയത്.
കുമരകം ഗവണ്മെന്റ് യുപി സ്കൂളായിരുന്നു അന്നു നാട്ടുകാരുടെ ആശ്രയം. എന്നാൽ നേരം പുലർന്നതോടെ സ്കൂളിലും ഉച്ചയോടെ മേശയ്ക്കു മുകളിലും വെള്ളം. ഇതോടെ പലരും അറയും നിരയും ഉള്ള വീടുകളുടെ തട്ടിൻപുറങ്ങളിൽ അഭയം തേടി. കുമരകത്ത് വീടിനുളളിൽ വെള്ളം കയറാത്ത രണ്ടു വീടുകൾ മാത്രമാണ് അവശേഷിച്ചിരുന്നത്.
നിർമാണം നടന്നുകൊണ്ടിരുന്ന പാറയ്ക്കൽ കുഞ്ഞച്ചന്റെ വീടും പരുവക്കൽ തറവാടും. കുമരകം പോലീസ് സ്റ്റേഷനിലുണ്ടായിരുന്നത് രണ്ടു പോലീസുകാരും ഒരു വള്ളവും ഊന്നൽക്കാരനും മാത്രം. വെള്ളം പൊങ്ങിയതോടെ ഊന്നൽക്കാരൻ സ്ഥലം വിട്ടു.
പോലീസുകാരുപോലും ഭക്ഷണത്തിനു വലഞ്ഞ ആ കാലത്തെ സാധരണക്കാരുടെ അവസ്ഥ പട്ടിണി മാത്രമായിരുന്നു. അന്നത്തെ ദുരിതാനുഭവങ്ങൾ ഓർത്താൽ ഇന്ന് ദുരിതമേ ഇല്ലെന്ന് 99ലെ വെള്ളപ്പൊക്കത്തെക്കുറിച്ച് മണ്ണാതറ ലൂക്കോസ് എഴുതിയ ഓട്ടൻ തുള്ളൽ പുസ്തകത്താളുകൾ മറിച്ചുകാട്ടിക്കൊണ്ടു കുമരകത്തെ കാരണവർ തന്റെ ബാല്യകാല സ്മരണകൾ ദീപികയോടു പങ്കിട്ടു.