കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില അനുദിനം വര്‍ദ്ധിക്കുമ്പോള്‍ സിമന്റ് കമ്പനികള്‍ നടത്തുന്ന പകല്‍ക്കൊള്ളയ്ക്ക് കനത്ത തിരിച്ചടി. 11 സിമന്റ് കമ്പനികളില്‍ നിന്ന് 6300 കോടി രൂപ പിഴ ഈടാക്കാന്‍ നാഷണല്‍ കമ്പനി ലോ അപ്പല്ലേറ്റ് ട്രിബുണല്‍(എന്‍സിഎല്‍ടി) വിധിച്ചു.
നേരത്തെ കോംപറ്റീഷന്‍ കമ്മീഷന് പുറപ്പെടുവിച്ച പിഴ ശിക്ഷ ശരിവച്ചുകൊണ്ടാണ് ട്രിബുണലിന്റെ ഉത്തരവ് വന്നത്. കോംപറ്റീഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് അന്യമായി വില കൂട്ടി വിറ്റതിന് 2012 ജൂണിലാണ് പിഴ വിധിച്ചത്. ഈ കമ്പനികള്‍ കാര്‍ട്ടലായി ഒന്നിച്ച് നിന്ന് സിമന്റ് വില കൂട്ടി വില്‍ക്കുകയായിരുന്നു.
ജയപ്രകാശ് സിമന്റിനാണ് ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയിരിക്കുന്നത്. 1323 കോടി രൂപയാണ് ഇവര്‍ക്ക് പിഴ വരുന്നത്. അള്‍ട്രാ ടെക്ക് – 1175 കോടി, അംബുജ സിമന്റ് – 1163 കോടി, എ സി സി – 1148 കോടി , ലഫാര്‍ജ് – 490 കോടി, സെഞ്ചുറി – 274 കോടി, ബിനാനി സിമന്റ് – 167 കോടി, രാംകോ – 258 കോടി, ഇന്ത്യ സിമന്റ് – 187 കോടി, ജെ കെ സിമന്റ് – 128 കോടി എന്നിങ്ങനെയാണ് പിഴ ഈടാക്കുക.
കോംപറ്റീഷന്‍ കമ്മീഷന്റെ വിധിക്കെതിരെ കമ്പനികള്‍ നല്കിയ അപ്പീല്‍ ട്രിബ്യുണല്‍ നിരസിച്ചു. കമ്പനികളുടെ വാദത്തില്‍ മെറിറ്റ് ഇല്ലെന്ന് ട്രിബ്യുണല്‍ നിരീക്ഷിച്ചു. വില കൂട്ടുന്നതിന് വേണ്ടി മനഃപൂര്‍വം ഉത്പാദനം കുറയ്ക്കുകയും വിതരണം ചുരുക്കുകയുമാണ് കമ്പനികള്‍ ചെയ്തത്. പ്രത്യേക ഉത്തരവിലൂടെ ശ്രീ സിമന്റിനു 397 കോടി പിഴ ചുമത്തിയിട്ടുണ്ട്. വാര്‍ത്ത വന്നതിനു പിന്നാലെ സിമന്റ് കമ്പനികളുടെ ഓഹരി മൂല്യത്തില്‍ ഇടിവുണ്ടായിട്ടുണ്ട്.