കൊച്ചി തമ്മനത്ത് കോളജ് യൂണിഫോമില്‍ മീന്‍ വിറ്റ് കുടുംബച്ചെലവ് നടത്തിയ ഹനാന് എന്ന പെണ്‍കുട്ടിക്കു നേരെ സൈബര്‍ ലോകത്ത് ഉയരുന്ന പ്രചാരണങ്ങള്‍ക്കു പിന്നില്‍ ചില സംഘടിത ശക്തികള്‍. ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നാണ് ഈ പെണ്‍കുട്ടിക്കെതിരായ പ്രചരണങ്ങള്‍ കൂടുതലും ഉയരുന്നത്.
മീന്‍ വിറ്റപ്പോഴും മാധ്യമങ്ങളെ കണ്ടപ്പോഴും തട്ടമിടാത്തത് എന്താണെന്ന് ചോദിച്ചുള്ള ആക്രമണങ്ങളായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. പിന്നീടാണ് സംഘടിതമായി ഹനാന് കള്ളം പറയുന്നുവെന്ന തരത്തിലേക്ക് ആക്രമണത്തിന്റെ രൂപം മാറിയത്. ഫ്രീതിങ്കേഴ്സ്, റൈറ്റ് തിങ്കേഴ്സ്, ഗള്‍ഫ് മലയാളി തുടങ്ങി ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ കൂടിയാണ് കൂടുതലായും ആക്രമണം വരുന്നത്.
കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗം ഹനനെക്കെതിരായ ആക്രമണത്തെ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്. ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കുന്നതിനായി അടുത്തിടെ വാട്സ്ആപ്പ് നടപ്പിലാക്കിയ പുതിയ സുരക്ഷാ സംവിധാനം ഉപയോഗിച്ച് പോലീസിന് ഇത്തരക്കാരെ അനായാസം കണ്ടെത്താന്‍ കഴിയും. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണ്.