ചിറ്റൂർ: ആളിയാറിൽ ഷട്ടറുകൾ തുറന്നതിനാൽ ചിറ്റൂർപുഴയിൽ ജലനിരപ്പ് ഉയർന്നു. ചൊവ്വാഴ്ച രാത്രി മുതലാണ് പുഴയിൽ വെള്ളമെത്തിയത്. മൂലത്തറ, ആലാംകടവ്, വിളയോടി, പാറക്കളം, നിലന്പതിപ്പാലം എന്നിവ കവിഞ്ഞൊഴുകുന്നതിനാൽ ഇന്നലെ വൈകുന്നേരംവരെയും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
നിലന്പതിപാലങ്ങൾക്കുമേൽ വൻതോതിൽ പാഴ്ചെടികൾ അടിഞ്ഞുകൂടിയതിനാൽ മൂലത്തറ, ആലാംകടവ് വഴിയുള്ള ഗതാഗതം വിളയോടി മേന്പാലം വഴി ചുറ്റിയാണ്. സ്കൂൾ വിദ്യാർഥികൾക്ക് ഇത് ഏറെ ദുരിതമുണ്ടാക്കുന്നു. ഇതുമൂലം കല്യാണപേട്ട, നർണി, സർക്കാർപതി ഭാഗങ്ങളിലെ സ്കൂൾ വിദ്യാർഥികളെ നേരത്തെ വീട്ടിലേക്കു വിട്ടയച്ചു.
പാറക്കളം നിലന്പതിയിൽ ജലനിരപ്പ് താഴ്ന്നെങ്കിലും ഗതാഗതതടസം തുടരുകയാണ്.നിലവിൽ ഇതുവഴി കാൽനടയാത്രപോലും അസാധ്യമാണ്. ഇന്നലെ പാഴ്ചെടികൾ നീക്കാൻ സമീപവാസികൾ നടത്തിയ ശ്രമവും വിഫലമായി. ആളിയാർ ഷട്ടർ തുറന്നതോടെ ചിറ്റൂർ പുഴയോരത്ത് കുടിൽകെട്ടി താമസിക്കുന്നവർ ഇന്നലെ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.