പേരാമ്പ്ര: കരിമ്പനി രോഗം റിപ്പോർട്ടു ചെയ്ത കടിയങ്ങാട് സൂപ്പിക്കടയില്‍ എന്റമോളജി വിഭാഗം ഇന്നലെ നടത്തിയ പരിശോധനയില്‍ മണലീച്ചയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ചങ്ങരോത്ത് സൂപ്പിക്കടയിൽ അര കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ അടുക്കള ഒഴിച്ചുള്ള ഭാഗങ്ങളിൽ ഐആർഎസ് സ്പ്രേ നടത്തുമെന്നു ആരോഗ്യ വകുപ്പ്.
ഇന്നലെ സൂപ്പിക്കട മേഖലയിൽ സോണല്‍ എന്റമോളജി യൂണിറ്റ് കോഴിക്കോട്, ഡിസ്ട്രിക്ട് വെക്ടര്‍ കണ്ട്രോള് യൂണിറ്റ് കോഴിക്കോട് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ രോഗം സ്ഥിരീകരിച്ചയാളുടെ വീടും പരിസരവും പരിശോധന നടത്തി. ഈ പ്രദേശത്ത് വ്യാപകമായി മണലീച്ചയുടെ സാന്നിധ്യം ഉള്ളതായി അധികൃതര്‍ പറഞ്ഞു. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ മുട്ടയിട്ട് വിരിയുന്ന വളരെ ചെറിയ ഇനം ഈച്ചകളാണ് മണലീച്ചകള്‍.
വളര്‍ച്ചയെത്തിയ ഈച്ചകളെ സാധാരണ ഗതിയില്‍ തേക്കാത്ത ചുവരുകളുടെ ചെറു സുഷിരങ്ങളിലും അട്ടിയിട്ട പലകളിലുമാണ് കണ്ട് വരുന്നത്. അഞ്ച് സെന്റീമീറ്റര്‍ ദൂരത്തിലും ആറ് അടി ഉയരിലും മാത്രം സഞ്ചരിക്കുന്ന ഇവ പറക്കുന്നതിനു പകരം ചാടി ചാടിയാണ് സഞ്ചരിക്കുക. ഒന്നര മുതല്‍ രണ്ടുമാസം വരെയാണ് ഇവയുടെ ആയുസ്.
ഇവിടെനിന്നും ശേഖരിച്ച മണലീച്ചകളെ കോട്ടയത്തെ വിസിആര്‍സിയില്‍ പരീക്ഷണ വിധേയമാക്കും. അതിനു ശേഷമേ സൂപ്പിക്കട സ്വദേശിക്ക് കരിമ്പനി പിടിപെട്ടത് ഇവിടെയുള്ള മണലീച്ചകളില്നിന്നു തന്നെയാണോയെന്ന് സ്ഥിരീകരിക്കാനാവുകയുള്ളു.
സീനിയര്‍ എന്റമോളജിസ്റ്റ് അഞ്ജു വിശ്വന്റെ നേതൃത്വത്തിലെത്തിയ സംഘത്തില്‍ എന്റമോളജിസ്റ്റുകളായ സി.പി. ബാലന്, എസ്. ഷിഫ, വെക്ടര്‍ കണ്ട്രോള് യൂണിറ്റിലെ എം.സി. രാമചന്ദ്രന്, എന്‍.കെ. ജിമേഷ്, എ.കെ. ദീപ, കെ. സഹീഫ് എന്നിവരുമുണ്ടായിരുന്നു. ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ജെഎച്ച്ഐ പി.കെ. യൂസഫ്, ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ഇ.ടി. സരീഷ് എന്നിവരും സന്നിഹിതരായിരുന്നു.
രക്തം സ്വീകരിച്ചതിലൂടെ രോഗം പകരില്ല
പേരാമ്പ്ര: കരിമ്പനി പകരുന്നത് മണലീച്ചകളിലൂടെയാണെന്ന് സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്റമോളജി വിഭാഗം കോഴിക്കോട് സോണല്‍ സീനിയര്‍ എന്റമോളജിസ്റ്റ് അഞ്ജു വിശ്വന് അറിയിച്ചു. രക്തം സ്വീകരിച്ചതിലൂടെ രോഗം വരാനുള്ള സാധ്യതയില്ലെന്നും വീട്ടില്‍ നിന്നല്ലെങ്കില്‍ യാത്രയ്ക്കിടയിൽ മണലീച്ചയുടെ കടിയേറ്റതാവാം രോഗകാരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
മണലീച്ചയുടെ കടിയേറ്റ ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ പുറത്തു വരാന്‍ ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെയെടുക്കും. കരിമ്പനി ആദ്യ ഘട്ടത്തില്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ മരണംവരെ സംഭവിക്കാം. എന്നാൽ രോഗം തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൂപ്പിക്കട സ്വദേശി സുഖം പ്രാപിച്ചു വരുന്നു.
അടുത്ത ദിവസം ആശുപത്രി വിടും. സൂപ്പിക്കട ഭാഗത്ത് മണലീച്ചകളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ അര കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ ഐആര്‍ എസ് സ്പ്രേ ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ല