കോഴിക്കോട്: “പോസ്റ്റ് ഷെയര്‍ ചെയ്ത് റീച്ച് കൂട്ടിയാല്‍ എന്തെങ്കിലും കേസില്‍ പെട്ട് വന്നാ ഇടിക്കാണ്ടിരിക്ക്യോ?’… കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന് ലൈക്കിട്ട് നമുക്ക് ഒന്നാമതെത്തണ്ടേ ..? എന്ന പോസ്റ്റിന്റെ കമന്റ് ബോക്സിലാണ് ആശങ്കയും ഹാസ്യവും കലര്‍ത്തിയുള്ള ചോദ്യം ഉയര്‍ന്നത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ “ഇല്ലന്നേ’ എന്ന മറുപടിയുമായി പോലീസ് എത്തിയപ്പോള്‍ സംഗതി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി.
കാലിക വിഷയങ്ങളെ ഹാസ്യരൂപേണ അവതരിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ തരംഗമായി മാറുന്നതിനിടെയാണ് പോലീസും ഈ മാര്‍ഗം സ്വീകരിച്ചത്. ഇന്ത്യയിലെ പോലീസ് വകുപ്പിലെ ഫേസ്ബുക്ക് പേജുകളില്‍ കേരളത്തെ രണ്ടാമതെത്തിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കികൊണ്ടും അത് ഒന്നാമതാക്കണമെന്നുമുള്ള പോലീസിന്റെ തന്നെ ട്രോളിനുള്ള കമന്റിലാണ് ഇടിക്കാതിരിക്കണമെന്ന അഭ്യര്‍ത്ഥന ഉയര്‍ന്നത്.
കമ്മട്ടിപ്പാടം സിനിമയിലെ കഥാപാത്രങ്ങളായ ബാലനും സഹോദരന് ഗംഗയുടേയും സംഭാഷണരൂപേണയാണ് പോലീസ് ട്രോളിറക്കിയത്. പോലീസിന്റെ ഫേസ്ബുക്ക് പേജുകളില്‍ ഒന്നാമതെത്താന്‍ വേണ്ടി “ആണോ … എന്നാപ്പിന്നെ തുടങ്ങുവല്ലേ ? എന്ന ബാലന്റെ കമന്റാണ് ട്രോളിലെ ഹൈലൈറ്റ്. ഇതിനുള്ള മറുപടിയായാണ് പോസ്റ്റ് ഷെയര്‍ ചെയ്ത് റീച്ച് കൂട്ടിയാല്‍ എന്തെങ്കിലും കേസില്‍ പെട്ട് വന്നാ ഇടിക്കാണ്ടിരിക്ക്യോ’ എന്ന ചോദ്യമുന്നയിച്ചത്.
സന്തോഷ് തുളസീധരക്കുറിപ്പാണ് ചോദ്യം ഉന്നയിച്ചത്. ചോദ്യം ഉന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അത് വൈറലാവുകയും ചെയ്തു. കമന്റ് വൈറലാവുന്നതിനു മുമ്പേ തന്നെ പോലീസ് ഇല്ലന്നേ എന്ന് ഉത്തരവും നല്‍കിയിരുന്നു. ചോദ്യത്തിനും ഉത്തരത്തിനും ഇപ്പോള്‍ ആയിരക്കണക്കിന് ലൈക്കുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതുകൂടാതെ “സപ്പോര്‍ട്ട് എല്ലാം ചെയ്യാം… ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം… കേസില്‍ പിടിച്ചാല്‍ വെറുതെ വിടുമോ’ എന്ന ചോദ്യവും വന്നിരുന്നു.
“ഞങ്ങള്‍ അങ്ങോട്ട് വന്നു ഇങ്ങോട്ട് കൊണ്ടുവരാം’ എന്ന മറുപടിയുമായി പോലീസും എത്തിയതോടെ സോഷ്യല്‍ മീഡിയ പിന്തുടരുന്നവര് ഇതും ആഘോഷമാക്കിയിരിക്കുകയാണ്. പൊതുജനങ്ങളോട് ചേര്‍ന്ന് നിന്ന് സംവദിക്കുന്നതിനും അവര്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് കേരള പോലീസ് ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളില്‍ സജീവമായത്. ജനങ്ങളുടെ പിന്തുണയോടെ ഇന്ത്യയിലെ പോലീസ് വകുപ്പിലെ ഫേസ്ബുക്ക് പേജുകളില്‍ കേരളത്തെ രണ്ടാമതെത്തിച്ചിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
494 കെ പേജ് ലൈക്കുകളുള്ള ബംഗളൂരു ട്രാഫിക് പോലീസിന്റെ ഫേസ്ബുക്ക് പേജാണ് കേരളാ പോലീസിനു മുന്നിലുള്ളതെന്നുമാണ് ഫേസ്ബുക്കിലൂടെ പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ ബംഗളൂരു സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജാണ് ഒന്നാമത് എന്ന കമന്റും ബോക്സിൽ വന്നിട്ടുണ്ട്.