കണ്ണൂർ: കീഴാറ്റൂർ ബൈപ്പാസ് വിഷയത്തിൽ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്തി വയൽക്കിളികളും കീഴാറ്റൂർ ഐക്യദാർഢ്യ സമിതിയും സമരം ആരംഭിക്കുന്നു. സമരരീതികൾ തീരുമാനിക്കാൻ നാളെ വൈകുന്നേരം വയൽക്കിളികളുടെയും കീഴാറ്റൂർ ഐക്യദാർഢ്യ സമിതിയുടെയും സംയുക്തയോഗം തളിപ്പറന്പിൽ ചേരുന്നുണ്ട്.
ബൈപ്പാസ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ത്രീഡി നോട്ടിഫിക്കേഷനെതിരേ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്താനാണ് തീരുമാനം. നിയമപരമായി പ്രശ്നത്തിലിടപെടാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. അതേസമയം തുരുത്തി നിവാസികള്‍ ത്രീഡി നോട്ടിഫിക്കേഷനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ കോടതിയലക്ഷ്യക്കേസും ഫയല്‍ചെയ്യും.
നേരത്തെ 3 (എ) നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ തുരുത്തിയിലെ പുരാതനമായ കാവ് സംരക്ഷിക്കമെന്നാവശ്യപ്പെട്ട് നല്കിയ ഹർജിയില്‍ ഹൈക്കോടതി തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. അത് കണക്കിലെടുക്കാതെ 3 ഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നത്.
ദേശീയപാത 17 നാലു മുതൽ ആറുവരി വരെയായി വികസിപ്പിക്കുന്നതിന് കണ്ണൂർ ജില്ലയിൽ 53.5482 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് കേന്ദ്രസർക്കാർ അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കരിവെള്ളൂർ മുതൽ പാപ്പിനിശേരി വില്ലേജ് അതിർത്തിയിൽ വളപട്ടണം പുഴക്കര (എൻഎച്ച് കിലോമീറ്റർ 104 മുതൽ 148 വരെയുള്ള) ഭാഗത്തെ സ്ഥലം ഏറ്റെടുക്കാനാണ് മൂന്ന്-ഡി വിജ്ഞാപനം പുറപ്പെടുവിച്ചത്.
വിജ്ഞാപനം കേന്ദ്രസർക്കാരിന്റെ ഗസറ്റിൽ പരസ്യപ്പെടുത്തി. കണ്ണൂർ ജില്ലയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇനി വളപട്ടണം പുഴയുടെ ചിറക്കൽ ഭാഗത്തെ കോട്ടക്കുന്ന് മുതൽ ചാല ബൈപ്പാസിന്റെ ഭാഗമായ കിഴുത്തള്ളിവരെയുള്ള ഭാഗം മാത്രമാണ് എൻഎച്ച് 17-ൽ ഏറ്റെടുക്കാനായി മൂന്ന്-ഡി വിജ്ഞാപനം പുറപ്പെടുവിക്കാൻ ബാക്കി. മൂന്ന്-എ വിജ്ഞാപനം ഇവിടെയും വന്നതാണ്.
കീഴാറ്റൂരിൽ 73 ഭൂവുടമളിൽ നിന്നായി 12.2246 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. ഇതിൽ ഒൻപത് ഹെക്ടറോളം സ്ഥലം വയലാണ്. തളിപ്പറന്പ് ബൈപ്പാസിന്റെ ഭാഗമായ കീഴാറ്റൂരിന് പുറമെ കണ്ണൂർ ബൈപ്പാസിന്റെ ഭാഗമായ പാപ്പിനിശേരിയിലെ തുരുത്തി പട്ടികജാതി കോളനിയുമായി ബന്ധപ്പെട്ട ഒരു ഭാഗവും ശക്തമായ എതിർപ്പിനെ അവഗണിച്ച് അക്വയർ ചെയ്യുന്നതിനാണ് വിജ്ഞാപനമായത്.
ഈ ഭാഗത്ത് സ്ഥലമെടുക്കുന്നതിനെതിരേ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ച് സാവകാശം നേടിയിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ ശേഷമാണ് എതിർപ്പുകളെ നിരസിച്ചുള്ള അന്തിമവിജ്ഞാപനം. അന്തിമവിജ്ഞാപന പ്രകാരം 377 സ്ഥലമുടകളിൽനിന്നുള്ള സ്ഥലമാണ് ഏറ്റെടുക്കുന്നത്. കരിവെള്ളൂർ, കോറോം, പരിയാരം, തളിപ്പറന്പ്, വെള്ളൂർ ചെറുതാഴം, കടന്നപ്പള്ളി, കല്യാശേരി, കുഞ്ഞിമംഗലം, മൊറാഴ, പാപ്പിനിശേരി വില്ലേജുകളിൽപ്പെട്ട സ്ഥലമാണ് ഏറ്റെടുക്കുക.