പ്രായത്തിൽ മുതിർന്ന സ്ത്രീകളെ പ്രണയിക്കുന്നതിൽ തെറ്റില്ലെന്ന വാദമുയർത്തി നിക് ജോനാസ്. ബോളിവുഡിലെ സൂപ്പർസുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകനും നടനുമായ നിക് ജോനാസും തമ്മിൽ പൊരിഞ്ഞ പ്രേമമാണെന്നാണ് കുറേ നാളുകളായി കേൾക്കുന്ന വാർത്ത.
നിക് പ്രിയങ്കയേക്കാൾ പത്തുവയസിന് ഇളയതാണ്. പത്തുവയസിനു മൂത്ത പ്രിയങ്കയെ എന്തിനാ ചെക്കാ നീ പ്രേമിക്കുന്നതെന്ന് പലരും നിക്കിനോട് ചോദിച്ചുവത്രേ. പ്രായത്തിൽ മുതിർന്ന സ്ത്രീകളെ പ്രണയിക്കുന്നത് നല്ലതാണെന്ന മറുപടിയാണ് നിക് നൽകിയിരിക്കുന്നത്.
ആന്റി കോഹന്റെ ഷോയിൽ അതിഥിയായി വന്നപ്പോഴും നിക് ആ ചോദ്യം നേരിട്ടു. പ്രണയിക്കുന്നതിൽ ഞാൻ അതിർത്തി വയ്ക്കാറില്ല. ഞാൻ പ്രേമിച്ച സ്ത്രീകളിൽ ഏറ്റവും മുതിർന്ന സ്ത്രീക്ക് 35 വയസുണ്ട്. പ്രായം ഒരു നന്പർ മാത്രമാണ് – നിക് പറഞ്ഞു. കേറ്റ് ഹൂഡ്സണ്, ഡെൽറ്റാ ഗൂഡ്രെം എന്നിവരുമായി നിക് പ്രണയത്തിലാണെന്ന് നേരത്തേ പ്രചാരണങ്ങളുണ്ടായിരുന്നു.
ഇവർ നികിനേക്കാൾ മുതിർന്നവരാണ്. ആന്റി കോഹൻ ഷോയുടെ മറ്റൊരു എപ്പിസോഡിൽ പ്രിയങ്ക അതിഥിയായി എത്തിയിരുന്നു. നിക്കുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതുവരെ തനിക്ക് സമയം കിട്ടിയില്ലെന്നായിരുന്നു പ്രിയങ്ക മറുപടി നൽകിയത്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നിക്കും കണ്ടുമുട്ടിയത്.
ഇരുവരും ഒന്നിച്ച് അന്ന് റെഡ് കാർപ്പറ്റിൽ ചിത്രങ്ങൾക്കായി പോസ് ചെയ്യുകയും ചെയ്തു. മെറ്റ് ഗാലയിൽ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങൾ നിക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരെയും ചേർത്ത് ഗോസിപ്പുകൾ വന്നുതുടങ്ങി. നിക്കിനെയും കൂട്ടി പ്രിയങ്ക ഇന്ത്യയിലുമെത്തി. അമ്മ മധുചോപ്രയേയും അടുത്ത ബന്ധുക്കളെയും നിക്കിനെ പരിചയപ്പെടുത്താനായിരുന്നു ഇന്ത്യയിലേക്ക് നിക്കിനെ കൂട്ടിക്കൊണ്ടുവന്നത്.