എരുമേലി: ഒരാഴ്ച മുൻപ്, മുണ്ടക്കയത്ത് നിന്ന് ഒഴുക്കിൽപ്പെട്ട് കാണാതായ അടൂർ മണക്കാല വട്ടമലതെക്കേതിൽ ഷാഹുൽ രാജിന്റെ (21) മൃതദേഹം മണിമലയാറ്റിൽ ഒഴുക്കിൽ നിന്നു പിടിച്ചെടുക്കാൻ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും നടത്തിയത് മണിക്കൂറുകൾ നീണ്ട സാഹസിക ശ്രമം.
ഇന്നലെ രാവിലെ എരുമേലി ഓരുങ്കൽകടവിലൂടെ മൃതദേഹം ഒഴുകുന്നത് കണ്ട് നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. എങ്ങനെയും മൃതദേഹം കരയ്ക്കടുപ്പിക്കണമെന്നറിയിച്ച് അപ്പോൾ തന്നെ എരുമേലി പോലീസ് സ്ഥലത്തെത്തി. ശക്തമായ ഒഴുക്കും കരകവിയാറായ വെള്ളപ്പൊക്കവും മൂലം മൃതദേഹം കണ്ടെത്തി പിടിക്കുക സാധ്യമല്ലായിരുന്നു. മണിമലയാറിലെ ചെക്ക്ഡാമുകൾ, പാലങ്ങൾ എന്നിവിടങ്ങളിൽ മൃതദേഹം തങ്ങിനിൽക്കുമെന്ന പ്രതീക്ഷയോടെ പോലീസും ആറിന്റെ കരയിൽ നാട്ടുകാരും തെരച്ചിൽ നടത്തിക്കൊണ്ടിരുന്നു.
പാലങ്ങളിൽ പോലീസ് കാവൽ നിന്നതിനൊപ്പം ഫയർ ഫോഴ്സും എത്തി. വിഴിക്കത്തോട്ടിൽ മൃതദേഹം എത്തിയപ്പോൾ പിടികൂടാൻ കഴിഞ്ഞില്ല. അതേസമയം കരിമ്പുകയം ചെക്ക്ഡാമിന്റെ തൂണുകളിൽ മൃതദേഹം തടഞ്ഞു കിടന്നിരുന്നു. എന്നാൽ ഫയർഫോഴ്സിന് സമയത്ത് എത്താൻ സാധിച്ചില്ല. ശക്തമായ ഒഴുക്കായതിന്നതിനാൽ നാട്ടുകാർക്ക് വലയിട്ട് തടഞ്ഞു നിർത്തുവാനും സാധിച്ചില്ല.
തുടർന്ന് പഴയിടം പാലത്തിൽ വലയും സന്നാഹങ്ങളുമായി മഴ വകവയ്ക്കാതെ മൃതദേഹം പിടിക്കാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടതോടെ എല്ലാവരും ആശങ്കയിലായി. ഒടുവിൽ മണിമല കോട്ടാങ്ങലിന് സമീപം മുണ്ടോലി കടവ് പാലത്തിന് അടിയിൽ നിന്നുമാണ് മൃതദേഹം പിടിച്ചെടുക്കാനായത്. അതുവരെ പ്രതികൂല കാലാവസ്ഥയിൽ വലഞ്ഞ് പോലീസിനും അഗ്നിശമന സേനയ്ക്കുമൊപ്പം നൂറുകണക്കിന് നാട്ടുകാരും തെരച്ചിലിൽ പങ്കാളികളായി.