ബിജോ ടോമി
കൊച്ചി: മത്സ്യങ്ങളിൽ കലർത്തുന്ന രാസവസ്തുക്കൾ കണ്ടെത്തുന്നതിനുള്ള പേപ്പർ സ്ട്രിപ്പുകൾ പൊതുജനങ്ങൾക്ക് ഉടൻ ലഭ്യമാകും. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ മീഡിയ ലാബോറട്ടറീസ് കന്പനി ഇവയുടെ നിർമാണം ആരംഭിക്കുകയും വിതരണത്തിനു തയാറാവുകയും ചെയ്തിട്ടുണ്ട്. ഹൈറാപിഡ് ഫോർമൽ ടെസ്റ്റ് കിറ്റ് എന്നപേരിലാണ് ഇവ വിപണിയിലെത്തുക.
കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) ആണു മത്സ്യത്തിലെ ഫോർമലിനും അമോണിയയും കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത്. വാണിജ്യാടിസ്ഥാനത്തിൽ ഇതു വിപണിയിൽ എത്തിക്കുന്നതിനു സിഫ്റ്റിന് പരിമിതികൾ ഉണ്ടായിരുന്നതിനാൽ ഹൈ മീഡിയ എന്ന കന്പനിക്ക് ഈ സാങ്കേതികവിദ്യ കൈമാറുകയായിരുന്നു.
രാജ്യത്തു ലോറിസമരം മൂലം ചരക്കുനീക്കം തടസപ്പെട്ടതിനാലാണു പേപ്പർ സ്ട്രിപ്പുകൾ വിതരണത്തിന് എത്താൻ താമസിക്കുന്നത്. ലോറിസമരം തീരുന്ന മുറയ്ക്കു കേരളത്തിലെ വിപണിയിൽ ഇവ ലഭ്യമായി തുടങ്ങുമെന്നു ഹൈമീഡിയ കേരള സെയിൽസ് മാനേജർ എസ്. കന്തസ്വാമി പറഞ്ഞു. കേരളത്തിൽ വിതരണത്തിനു 18 ഡീലർമാരുമായി ധാരണയായിട്ടുണ്ട്.
അമോണിയയും ഫോർമലിനും തിരിച്ചറിയുന്നതിനുള്ള കിറ്റുകളിൽ ലാസലായനി, പേപ്പർസ്ട്രിപ്പ്, കളർ ചാർട്ട് എന്നിവയാകും ഉണ്ടാകുക. രണ്ടു നിമിഷത്തിനുള്ളിൽ ഫലം അറിയാനാകും. സ്ട്രിപ്പ് മീനിൽ അമർത്തിയശേഷം അതിലേക്ക് ഒരുതുള്ളി രാസലായനി ഒഴിക്കണം. നിറവ്യത്യാസം കിറ്റിനൊപ്പം ലഭിക്കുന്ന കളർ ചാർട്ടുമായി താരതമ്യം ചെയ്ത് അമോണിയയുടെയും ഫോർമലിന്റെയും സാന്നിധ്യം തിരിച്ചറിയാനാകും.
നിലവിൽ ഇത്തരം പരിശോധനകൾക്കു രണ്ടായിരം രൂപ വരെ ചെലവുണ്ട്. ഫലം അറിയാൻ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും എടുക്കുകയും ചെയ്യും. എന്നാൽ ഹൈമീഡിയ കന്പനി പൊതുവിപണിയിൽ ലഭ്യമാക്കുന്ന ഒരു കിറ്റിന് 240 രൂപയാണ് വില. 25 സ്ട്രിപ്പുകളാണ് ഒരു കിറ്റിൽ ഉണ്ടാവുക. മീനിലെ വിഷം ഒരു പ്രാവശ്യം പരിശോധിക്കുന്നതിന് ഏകദേശം പത്തു രൂപ മാത്രമാകും ചെലവ്.
അഞ്ചു രൂപയ്ക്കുള്ളിൽ സ്ട്രിപ്പുകൾ ലഭ്യമാക്കുമെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സിഫ്റ്റ് അധികൃതരും നേരത്തെ വ്യക്തമാക്കിയിരുന്നത്. ജിഎസ്ടിയും നിർമാണത്തിനുള്ള അനുബന്ധച്ചെലവുകളും പ്രതീക്ഷിച്ചതിലും വർധിച്ചതിനാലാണു വില വർധിച്ചതെന്നു സിഫ്റ്റ് അധികൃതർ പറഞ്ഞു. കേരളത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളിലെ വിപണിയിലും കിറ്റുകൾ ലഭിക്കും.