മാപ്രാണം: ഇന്നലെ വീണ്ടും ബസ് ജീവനക്കാരുടെ തോന്ന്യാസം. ബസ് ജീവനക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകയും കുടുംബവും രംഗത്ത്. മൂത്രത്തിക്കര സ്വദേശിനിയും തൃശൂർ കോടതിയിലെ അഭിഭാഷകയുമായ യുവതിയാണ് ഇതു സംബന്ധിച്ച് ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഇന്നലെ രാവിലെ മാപ്രാണം ജംഗ്ഷനിലെ സ്റ്റോപ്പിൽ യാത്രക്കാരിയായ യുവതി ഇറങ്ങുന്നതിനുമുന്പേ ബസ് എടുക്കുകയായിരുന്നു. ഇതോടെ യുവതി തെറിച്ചുവീണത് ബസിനടിയിലേക്ക്. ഇതു കണ്ടുനിന്ന ആൾക്കൂട്ടം ഒച്ചവച്ചതോടെയാണ് ബസ് നിർത്തിയത്.
ബസ് നിർത്തിയില്ലായിരുന്നുവെങ്കിൽ ബസിനടിയിൽപ്പെട്ട് ജീവൻതന്നെ പൊലിയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. അപകടമൊന്നും സംഭവിച്ചില്ലലോ, പരാതി നൽകരുതെന്നായിരുന്നു ഡ്രൈവറുടെ നടപടിയെ ചോദ്യം ചെയ്തപ്പോൾ നാട്ടുകാർക്കും യുവതിക്കും ലഭിച്ച കണ്ടക്ടറുടെ മറുപടി.
പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തതായി ഇരിങ്ങാലക്കുട എസ്ഐ കെ.എസ്. സുശാന്ത് പറഞ്ഞു.